വീട്ടുജോലിക്കായി സൗദിയിലെത്തി വഞ്ചിക്കപ്പെട്ട ഇന്ത്യക്കാരിക്ക് ആശ്വാസം. മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തുറന്നത്. സൗദിയിലെ ഖമീഷ് മിഷൈതില്‍ നിന്നും സൗദി പൊലീസിന്റെ കൂടി സഹായത്തോടെയാണ് കര്‍ണാടക സ്വദേശി നാട്ടിലെത്തിയത്. വിസ ഏജന്റിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് വഞ്ചിക്കപ്പെട്ട സബിഹ.
രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണ് തുമഗുരു സ്വദേശി സബിഹ സൗദിയിലേക്ക് വിമാനം കയറിയത്. സുരക്ഷിതമായ വീട്ടുജോലി വാഗ്ദാനം ചെയ്താണ് മുംബൈ സ്വദേശിയായ വിസാ ഏജന്റ് സലിം സബിഹയില്‍ നിന്ന് ഒന്നര ലക്ഷം രൂപ കൈപ്പറ്റിയത്. സൗദിയിലേക്ക് ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റിന് നിയന്ത്രണമുണ്ടായതുകൊണ്ടുതന്നെ ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്കും അവിടെ നിന്ന് വിസിറ്റ് വിസയില്‍ സൗദിയിലേക്കും കയറ്റിവിട്ടു.
കഴിഞ്ഞ ഒക്ടോബറില്‍ സൗദിയിലെ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്ക് കയറി സബിഹയ്ക്ക് ഏജന്റ് വാഗ്ദാനം ചെയ്ത ജോലി സാഹചര്യമല്ലായിരുന്നു അനുഭവിക്കേണ്ടിവന്നത്. പലതരം പീഡനം നേരിടേണ്ടതായും പരാതിയുണ്ട്. വിസിറ്റ് വിസയുടെ കാലാവധിയും തീര്‍ന്നു. ഈ പശ്ചാത്തലത്തില്‍ സബിഹ സൗദി പൊലീസിന്റെ സഹായവും തേടി. തുടര്‍ന്ന് പൊലീസ് സബിഹയെ ഗാര്‍ഹിക തൊഴിലാളികളെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്കും പിന്നീട് നാടുകടത്തല്‍ കേന്ദ്രത്തിലേക്കും മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ റസിഡന്റ് വിസയില്ലാത്തതുകൊണ്ട് അവിടെയും താമസിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് പൊലീസ് സൗദിയിലെ മലയാളി സാമൂഹ്യപ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ മെമ്പറുമായ അഷ്‌റഫ്കുറ്റിച്ചിലിനെ വിവരമറിയിച്ചു. ഒഐസിസി നേതാക്കളായ പ്രസാദ്, മനാഫ്, അന്‍സാരി, റോയി, ഹബീബ് എന്നിവരും പ്രശ്‌നത്തില്‍ ഇടപെടുകയും സബിഹയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു.