വീണ്ടും തലപൊക്കി വിവാഹവേളയിലെ ആഭാസം; രംഗത്തിറങ്ങി സാമുദായിക സംഘടനകൾ

0
241

കണ്ണൂർ: ആഴ്ചകൾക്ക് മുൻപ് ചക്കരക്കൽ പോലീസ് അപൂർവമായൊരു സംഭവത്തിൽ കേസെടുത്തു. ഒട്ടകപ്പുറത്ത് വരനെ ആനയിച്ചെത്തിയ കല്യാണസംഘം പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനായിരുന്നു കേസ്. മട്ടന്നൂർ-കണ്ണൂർ സംസ്ഥാനപാതയിലായിരുന്നു സംഭവം. അന്യായമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും വരനും സംഘത്തിനുമെതിരെയായിരുന്നു പോലീസ് കേസെടുത്തത്. ശക്തമായ പൊതുജന മുന്നേറ്റത്തെത്തുടർന്ന് കുറ്റിയറ്റുപോയ വിവാഹ ആഭാസങ്ങൾ വീണ്ടും തലപൊക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇൗ സംഭവം. പൊതുജനങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ ജില്ലയിൽ പലയിടങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രാദേശികമായി ഒതുക്കപ്പെടാറാണ് പതിവ്. സാമൂഹികമാധ്യമങ്ങളിൽ ‘വൈറലാ’കാൻവേണ്ടിമാത്രം ഇത്തരം പേക്കൂത്തുകൾ നടത്തുന്നവരും ചില്ലറയല്ല.

ആഭാസവിവാഹങ്ങൾക്കെതിരേ സംസ്ഥാനത്തുതന്നെ ആദ്യമായി കൂട്ടായ്മ നിലവിൽവന്നത് തലശ്ശേരിക്ക് സമീപം എസ്.എൻ. പുരത്താണ് -2009-ൽ. എസ്.എൻ.പുരം ശ്രീനാരായണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിനുകീഴിൽ മുകുന്ദൻ മഠത്തിൽ, കോറോത്താൻ രാജൻ എന്നിവർ പ്രധാന ഭാരവാഹികളായി രൂപംകൊണ്ട കൂട്ടായ്മ സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയ യുവജനസംഘടനകൾ സജീവമായി രംഗത്തിറങ്ങി. ഇതേത്തുടർന്ന് ഇത്തരം ചെയ്തികൾ ഏറെക്കുറെയില്ലാതായി.

സംഘടനകൾ രംഗത്ത്

വിവാഹ ആഭാസങ്ങൾക്കെതിരേ വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ ത്രൈമാസ കാമ്പയിൻ തുടങ്ങിയിരിക്കുകയാണ്. വിവാഹപൂർവ-വിവാഹാനന്തര കൗൺസലിങ് ക്ലാസുകൾ മുഴുവൻ മഹല്ലുകളിലും നിർബന്ധമാക്കണമെന്ന നിർദേശമാണ് കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജനസംഗമം മുന്നോട്ടുവെച്ചത്. ദിവസങ്ങളോളം നീളുന്ന വിവാഹച്ചടങ്ങുകൾ ഒരുദിവസത്തേക്ക് ചുരുക്കിക്കൊണ്ടുവരണം. ജില്ലയിലുടനീളം പണ്ഡിതർ, ഖത്തീബുമാർ, മഹല്ല് ഭാരവാഹികൾ, നേതാക്കൾ തുടങ്ങിയവരുമായി ചർച്ചകൾ നടത്തി പൊതുമുന്നേറ്റം സാധ്യമാക്കും -സംഘാടകർ അറിയിച്ചു.

തീരുമാനമെടുത്ത് പുന്നോൽ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി

ന്യൂമാഹി പഞ്ചായത്തിലുൾപ്പെട്ട പുന്നോൽ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി മഹല്ലിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വിവാഹ ആഭാസങ്ങൾ വിലക്കി കഴിഞ്ഞദിവസം തീരുമാനമെടുത്തു. മഹല്ലിൽ ഉൾപ്പെട്ട മുഴുവൻ പള്ളി ഭാരവാഹികളുടെയും തണൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് മഹല്ല് കമ്മിറ്റിയുണ്ടാക്കിയ കരാറിൽ ഒപ്പുവെക്കണം. ഇത് പാലിക്കുന്ന വിവാഹങ്ങളിൽ മാത്രമേ മഹല്ല് കമ്മിറ്റി കാർമികത്വം വഹിക്കേണ്ടതുള്ളൂവെന്നാണ് തീരുമാനം. കരാർ ഒപ്പിട്ടുകഴിഞ്ഞ് വിവാഹസമയത്ത് അനിഷ്ടസംഭവങ്ങളുണ്ടായാൽ ബന്ധപ്പെട്ടവരുടെ പേരിൽ ശക്തമായ നടപടി കൈക്കൊള്ളാനും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here