കമൽനാഥ് ബിജെപിയിൽ ചേർന്നാൽ? എംഎൽഎമാരെ തേടി ഫോൺ കോൾ, മദ്ധ്യപ്രദേശിൽ നിർണായക നീക്കവുമായി കോൺഗ്രസ്

0
167

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ പ്രവേശിക്കുമെന്ന അഭ്യൂഹം നിലനിൽക്കെ നിർണായക നീക്കത്തിനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് നേതൃത്വത്തിൽ കമൽനാഥ് അസ്വസ്ഥനാണെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹവും മകനും ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാൽ കമൽനാഥ് ഒരിക്കലും ബിജെപി പാളയത്തിൽ എത്തില്ലെന്ന വിശദീകരണമാണ് പിസിസി അദ്ധ്യക്ഷൻ ഉൾപ്പടെ നൽകുന്നത്.

എന്നാൽ ഇപ്പോഴിതാ സംസ്ഥാനത്തെ നിലവിലെ സാഹചര്യം അളക്കുന്നതിന് എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുകയാണ് നേതൃത്വം. സംസ്ഥാനത്തുള്ള രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗിനെ മദ്ധ്യപ്രദേശിലേക്ക് എഐസിസി നേതൃത്വം അയച്ചിട്ടുണ്ട്. ഇന്ന് മദ്ധ്യപ്രദേശിലെത്തുന്ന ജിതേന്ദ്ര സിംഗ് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. കമൽനാഥുമായി ഉയരുന്ന അഭ്യൂഹങ്ങളിൽ എംഎൽഎമാരുടെ അഭിപ്രായം നേതൃത്വം തേടും.

കമൽനാഥിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജമാണെന്നാണ് ജിതേന്ദ്ര സിംഗ് മാദ്ധ്യമങ്ങളോട് പറയുന്നത്. ‘കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് കമൽനാഥ് ജി. ബിജെപി തന്നെയാണ് ഇപ്പോൾ ഉയരുന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്. ഞാൻ ഞായറാഴ്ച അദ്ദേവുമായി സംസാരിച്ചു. ഭാരത് ന്യായ് യാത്രയുടെ തയ്യാറെടുപ്പുകളെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിരുന്നു’- ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് ജിതേന്ദ്ര സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രചരണങ്ങളിൽ കമൽനാഥ് ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഉയരുന്ന അഭ്യൂങ്ങൾ അദ്ദേഹം തള്ളുകയും ചെയ്തിട്ടില്ല. ‘എന്തുകൊണ്ടാണ് നിങ്ങൾ എല്ലാവരും ആവേശഭരിതരാകുന്നത്? അത് നിഷേധിക്കുകയല്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ എല്ലാവരെയും അറിയിക്കാം’- ശനിയാഴ്ച കമൽനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ മദ്ധ്യപ്രദേശിൽ എത്തുന്ന ജിതേന്ദ്രസിംഗ് 66 എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. എല്ലാ എംഎൽഎമാരോടും ഭോപ്പാലിൽ എത്താനാണ് നേതൃത്വം ഫോൺ കോളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തിന്റെ അജണ്ട എന്താണെന്ന് സംബന്ധിച്ച് ഒന്നും വിശദീകരിച്ചിട്ടില്ലെന്ന് ഒരു എംഎൽഎ വാർത്ത ഏജൻസിയോട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ചൊല്ലി രാഹുൽ ഗാന്ധി പരസ്യമായി തള്ളിപ്പറഞ്ഞതും പിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതും കമൽനാഥിനെ അസ്വസ്ഥനാക്കിയിരുന്നു. മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് പരിഗണിക്കാതിരുന്നതോടെ അദ്ദേഹം പാടെ നിരാശനായെന്നും അടുപ്പമുള്ളവർ പറയുന്നു. പാർട്ടിയിൽ പഴയ അവസ്ഥയല്ലെന്നും രാഹുൽ ഗാന്ധി ജോഡോ യാത്രയിൽ മുഴുകിയിരിക്കെ സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ജയ്റാം രമേശുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം അടുപ്പമുള്ളവരോട് പറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ ശക്തനായ നേതാവായ കമൽനാഥ് പാർട്ടി വിട്ടാൽ കോൺഗ്രസിന് അത് വലിയ പ്രഹരമാകും. 2020ൽ കമൽനാഥ് നയിച്ച കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത് സംസ്ഥാനത്ത് പാർട്ടിക്ക് വൻ തിരിച്ചടിയായിരുന്നു. അടുത്തിടെയാണ് മഹാരാഷ്ട്രയിൽ മിലിന്ദ് ദേവ്റയും മുൻ മുഖ്യമന്ത്രി അശോക് ചവാനും പാർട്ടി വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here