രജിസ്ട്രേഷന്‍ നടപടിക്രമങ്ങൾ പൂർത്തിയാകുന്നു; മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഈ മാസം തുറക്കും

0
207

കോഴിക്കോട്: മുസ്‍ലിം ലീഗിന്‍റെ ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരം ഫെബ്രുവരിയിൽ തുറക്കും. ഈ മാസം 15നാണ് ഖാഇദെ മില്ലത്ത് സാംസ്കാരിക കേന്ദ്രത്തിന്‍റെ രജിസ്ട്രേഷൻ നടക്കുന്നത്. വിലക്ക് വാങ്ങുന്ന കെട്ടിടത്തിന്‍റെ ഉദ്ഘാടനം നവീകരണത്തിനുശേഷം നടത്താനാണ് പദ്ധതി.

ലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിനായി ധനസമാഹരണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഓഫീസ് പ്രവർത്തനം ആരംഭിക്കാത്തതിൽ വ്യാപകവിമർശനം ഉയർന്നിരുന്നു. രജിസ്ട്രേഷൻ നടപടികൾക്കു നേരിട്ട സാങ്കേതിക തടസമാണു വിമർശനത്തിനിടയാക്കിയത്. മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കെട്ടിടത്തിൻ്റെ രജിസ്ട്രേഷനു നേരിട്ട തടസ്സം നീങ്ങിയിരിക്കുകയാണ്.

രജിസ്ട്രേഷനായി അനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയായി. ഫെബ്രുവരി 15ന് രജിസ്ട്രേഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഡൽഹിയിലെത്തും. ഫെബ്രുവരി അവസാനത്തോടെ താൽക്കാലികമായി ദേശീയ ആസ്ഥാനം പ്രവർത്തനം തുടങ്ങാനാണ് ലീഗ് ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആസ്ഥാനം സജീവമാക്കാനാണു തീരുമാനം. കെട്ടിടം വേണ്ട രൂപമാറ്റം വരുത്തി നിർമാണപ്രവൃത്തികൾ പൂർത്തീകരിച്ച ശേഷമാകും വിപുലമായ ഉദ്ഘാടന പരിപാടിയോടെ പൂർണതോതിൽ ആസ്ഥാനം പ്രവർത്തനസജ്ജമാകുക.

അതേസമയം, ദേശീയ ആസ്ഥാന മന്ദിരത്തിൻ്റെ മറവിൽ പിരിവെടുത്ത് തുക വകമാറ്റി എന്നതടക്കം ആരോപണം ഉന്നയിച്ച് മുൻ മന്ത്രി കെ.ടി ജലീൽ എം.എൽ.എ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. ഒരു മാസം നീണ്ട ഓൺലൈൻ ധനസമാഹരണത്തിലൂടെ 27 കോടിയോളം രൂപയാണ് ലീഗ് പിരിച്ചെടുത്തത്. ഇതുകൂടാതെ വിദേശത്തും ധനസമാഹരണം നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here