ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകൾക്ക് കോളടിച്ചു; ടിക്കറ്റിനൊപ്പം പ്രീ അപ്രൂവ്ഡ് ഓൺ അറൈവല്‍ വിസ, നിബന്ധനകൾ അറിയാം…

0
111

അബുദാബി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിമാന ടിക്കറ്റിനൊപ്പം പ്രീ അപ്രൂവ്ഡ്  ഓണ്‍ അറൈവല്‍ വിസ സൗകര്യം നല്‍കാന്‍ തീരുമാനിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമാണ്​ ഈ സേവനം ലഭ്യമാവുക. എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് മാത്രമാണ് ഈ സൗകര്യം. അല്ലാത്തവര്‍ യുഎഇയിലെ വിമാനത്താവളത്തിലെത്തി മര്‍ഹബ സെന്‍ററില്‍ എത്തി ഓണ്‍ അറൈവല്‍ വീസ എടുക്കണം. 

നേരത്തെ തന്നെ ദുബൈ അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ള വിസ ഓണ്‍ അറൈവൽ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക്  ഓൺ അറൈവൽ വിസ നേരത്തെ തന്നെ അംഗീകരിച്ചു നല്‍കുകയാണ് എമിറേറ്റ്സ് ചെയ്യുന്നത്. വിഎഫ്എസ് ഗ്ലോബലിന്റെ ദുബൈ വിസ പ്രോസസിങ് സെന്ററിന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. 14 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസയാണ് ലഭിക്കുക. നേരത്തേ അപ്രൂവൽ ലഭിക്കുന്നതിനാൽ ഓൺ അറൈവൽ വിസക്കുവേണ്ടി ദുബൈയിൽ എത്തുമ്പോൾ കാത്തിരിക്കേണ്ടിവരില്ലെന്നതാണ് പ്രയോജനം. ഇത്​ ഇന്ത്യൻ യാത്രക്കാർക്ക്​ നടപടിക്രമങ്ങൾ എളുപ്പമാക്കും.

സാധാരണ പാസ്‍പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിൽ ഓൺ അറൈവൽ വിസ ലഭിക്കാൻ പാസ്‍പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി വേണം. ഇതിന് പുറമെ യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടെങ്കിലേ പ്രീ അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ ലഭിക്കൂ. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് www.emirates.com എന്ന വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻറുമാർ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിമാന ടിക്കറ്റ്  ബുക്കിങ്​ പൂർത്തിയായശേഷം വെബ്​സൈറ്റിലെ ‘മാനേജ്​ എൻ എക്സിസ്​റ്റിങ്​ ബുക്കിങ്​’ എന്ന ഭാഗത്തെ യുഎഇ വിസക്ക്​ അപേക്ഷിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്​ വിവരങ്ങൾ നൽകി അപേക്ഷിക്കാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) അപേക്ഷ അംഗീകരിച്ചാൽ 14 ദിവസ കാലാവധിയുള്ള വിസ വിമാനടിക്കറ്റിനൊപ്പം ലഭിക്കും. വിസ അനുവദിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം പൂര്‍ണമായും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന് മാത്രമായിരിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഒമ്പത് ഡെസ്റ്റിനേഷനുകളിലേക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.  ആഴ്ചതോറും  167 സര്‍വീസുകളാണുള്ളത്. അഹ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here