‘ഭാവി തലമുറയ്ക്കായി’; ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർ‌ണാടക സർക്കാർ

0
192

ബംഗളൂരു: ഹുക്ക ഉപയോഗിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് കർണാടക സർക്കാർ. പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനവ്യാപകമായി ‘ഹുക്ക’ നിരോധിച്ചതായി കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവാണ് അറിയിച്ചത്. തന്റെ എക്സ് പേജിലാണ് ഇത് സംബന്ധിച്ച് മന്ത്രി പോസ്റ്റ് പങ്കുവച്ചത്.

‘പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി ഹുക്ക നിരോധിക്കുന്നു. ഹുക്ക ഉപയോഗിക്കുന്നത് മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് ഹുക്ക ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കും. നമ്മുടെ ഭാവി തലമുറയ്ക്കായി സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് ഞങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നത്. ‘- മന്ത്രി എക്സിൽ കുറിച്ചു.

സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളുടെയും നിയമം (COTPA) ഭേദഗതി ചെയ്തുകൊണ്ടാണ് ഹുക്ക നിരോധനം നടപ്പിലാക്കുന്നതെന്നും ദിനേഷ് കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ ഹുക്ക നിരോധിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

2023 സെപ്തംബറിൽ സംസ്ഥാനത്ത് ഹുക്ക ബാറുകൾ നിരോധിക്കുമെന്നും പുകയില ഉപഭോഗത്തിന് നിയമപരമായ പ്രായം 18ൽ നിന്ന് 21 വയസായി ഉയർത്തുമെന്നും കർണാടക സർക്കാർ പറഞ്ഞിരുന്നു. തുടർന്നാണ് ഇപ്പോൾ പുതിയ ഭേദഗതിയിലൂടെ നിരോധനം ഏർപ്പെടുത്തിയത്. ഹുക്കയിലെ ചേരുവകൾ ആസക്തിയിലേക്ക് നയിച്ചേക്കാമെന്നും ദിനേഷ് റാവു അന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ഹരിയാന സർക്കാർ സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിൽ ഹുക്ക നൽകുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗ്രാമപ്രദേശങ്ങളിലെ പരമ്പരാഗത ഹുക്കകൾക്ക് ഹരിയാനയിലെ ഈ നിരോധനം ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here