സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

0
115

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാതം ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടേയും ആരോഗ്യവകുപ്പിന്‍റേയും നിർദേശം.

കഴിഞ്ഞ വർഷത്തെ എന്നല്ല, കഴിഞ്ഞുപോയ 30 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത്രയും ചൂടുണ്ടായിട്ടുള്ള ഒരു ഫെബ്രുവരി മാസം കാണില്ല . അക്ഷരാർത്ഥത്തിൽ കേരളം വെന്തുരുകുകയാണ്. ഒന്നര മാസത്തിലധികം ഇനിയും തള്ളിനീക്കണം ഒരു വേനൽ മഴയ്ക്കുള്ള ഇരുണ്ട കാർമേഘമെങ്കിലും കാണാൻ. ദിനംപ്രതി ചൂട് വർധിക്കുമ്പോൾ ഇത്രയും ദിവസം എങ്ങനെ തള്ളിനീക്കുമെന്ന ആശങ്കയും ചെറുതല്ല.

പിടിവിട്ട് ഉയരുന്ന ചൂടിൽ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പുകളെല്ലാം. അതുകൊണ്ട് തന്നെ പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷതാപം പരിധിക്കപ്പുറം ശരീരത്തിൽ ഏറ്റാൽ അവ നമ്മുടെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക്പോകാൻ തടസ്സം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുകയും സൂര്യാഘാതത്തിന് കാരണമാകുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് നേരിട്ടുള്ള ചൂടിൽ നിന്ന് മാറിനിൽക്കണമെന്ന മുന്നറിയിപ്പ്.

ദാഹം ഇല്ലെങ്കിലും വെള്ളം ധാരാളം കുടിക്കണം. പുറത്ത് ഇറങ്ങുമ്പോൾ കുടയോ, തൊപ്പിയോ ഉപയോഗിക്കണം. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെമെന്നും വിദഗ്ധർ പറയുന്നു. തീരപ്രദേശങ്ങളേയും മലയോര മേഖലകളെയും അപേക്ഷിച്ച് ഇടനാടുകളിലാണ് കൂടുതൽ താപനില രേഖപ്പെടുത്താൻ സാധ്യത.

വേനൽ മഴ സജീവമാകാൻ ഇനിയും മാസങ്ങൾ ബാക്കിയാണ്. വരാൻ പോകുന്നത് ചൂട് കൂടിയ ദിവസങ്ങൾ ആണെന്ന് സാരം. സൂര്യാഘാതത്തെ കരുതിയിരിക്കാം ജാഗ്രത തുടരാം.

LEAVE A REPLY

Please enter your comment!
Please enter your name here