ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചതിന് പിന്നാലെ സംഘര്‍ഷം, നാല് പേര്‍ കൊല്ലപ്പെട്ടു, 100 പേര്‍ക്ക് പരിക്ക്, കര്‍ഫ്യൂ

0
240

നൈനിറ്റാൾ: ജില്ലയിലെ ഹൽദ്‌വാനി പ്രദേശത്ത് മദ്രസ പൊളിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബൻഭൂൽപുരയിൽ “അനധികൃതമായി നിർമ്മിച്ച” മദ്രസ തകർത്തതിന്റെ പേരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷം പടര്‍ന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ബൻഭൂൽപുരയിൽ കർഫ്യൂ ഏർപ്പെടുത്തി.സ്കൂളുകൾ അടച്ചിടാനും നിർദ്ദേശം നൽകി. മൊബൈൽ ഇന്റര്‍നെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണെന്നും മജിസ്ട്രേറ്റിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചു എന്നാരോപിച്ചാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ മദ്രസ കെട്ടിടം തകര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഹല്‍ദ്വാനിയില്‍ സംഘര്‍ഷമുണ്ടായത്. കൈയേറിയ മൂന്ന് ഏക്കര്‍ തിരിച്ചുപിടിച്ചിരുന്നതായും സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസയ്‌ക്കെതിരെ നേരത്തെ നോട്ടീസ് നൽകി മദ്രസ കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നതായും മുനിസിപ്പല്‍ കമീഷണര്‍ പങ്കജ് ഉപാധ്യായ് പറഞ്ഞു. ർഏതാനും ദിവസങ്ങളായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊളിച്ച മദ്രസയ്ക്കെതിരെ ഹൈക്കോടതി അന്തിമ വിധി നൽകിയിട്ടില്ലെന്ന് പ്രദേശത്തെ കൗൺസിലറും വാദമുയര്‍ത്തി. ബൻഭൂൽപുര പോലീസ് സ്‌റ്റേഷന് പുറത്ത് നടന്ന അക്രമത്തിൽ ചിലർ വെടിയുതിർത്തതായി നൈനിറ്റാൾ ജില്ലാ മജിസ്‌ട്രേറ്റ് വന്ദന പറഞ്ഞു. മറുപടിയായി പൊലീസ് ആകാശത്തേക്ക് വെടിവച്ചു. വെടിയേറ്റ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്. പൊലീസ് വെടിവയ്പിലാണോ, അതോ അവരിലെ ആളുകളുടെ വെടിവെപ്പിൽ ആണോ അവര്‍ മരിച്ചത് എന്നറിയാൻ കാത്തിരിക്കണമെന്നും അവര്‍ പറഞ്ഞു.

കലാപകാരികൾ ബൻഭൂൽപുര പൊലീസ് സ്‌റ്റേഷന് കത്തിക്കാൻ ശ്രമിച്ചു. ആ സമയത്ത്, പൊലീസുകാർ സ്റ്റേഷനിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, പൊലീസ് സേന അവരെ നിയന്ത്രിച്ചു. സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. അക്രമം ബൻഭൂൽപുരയ്ക്ക് സമീപമുള്ള ഗാന്ധി നഗർ പ്രദേശത്തേക്ക് വ്യാപിച്ചതായും അവര്‍ പറഞ്ഞു. അതേസമയം, അക്രമം നടന്ന പ്രദേശം സംസ്ഥാന ചീഫ് സെക്രട്ടറി ഇന്ന് സന്ദർശിക്കും. ജനക്കൂട്ടം ഇന്നലെ പൊലീസ് സ്റ്റേഷൻ വളഞ്ഞതായി ഡിജിപി അഭിനവ് കുമാർ പറഞ്ഞു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. അക്രമത്തിലെ മരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നാണ് ഡിജിപി അറിയിച്ചത്. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here