മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു; ബി.ജെ.പിയില്‍ ചേര്‍ന്നേക്കും

0
156

മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ കോൺഗ്രസ് വിട്ടു. എം.എൽ.എ സ്ഥാനം രാജിവെച്ചു. ചവാൻ ബി.ജെ.പിയിൽ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മഹാരാഷ്ട്രയിലെ മുൻ കോൺ​ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ ബിജെപിയിലേക്ക് ചേക്കേറി ഒരു മാസത്തിനുള്ളിലാണ് രണ്ടാമതൊരു നേതാവ് കൂടി പാർട്ടി വിടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോൺഗ്രസിന് കനത്ത പ്രഹരമാണ് ഇത് സൃഷ്‌ടിക്കുക. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് അശോക് ചവാൻ.

മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ശങ്കർറാവു ചവാന്‍റെ മകനാണ് അശോക് ചവാൻ. മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതൃത്വത്തിനിടയിൽ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് അശോക് ചവാൻ. 2008 ഡിസംബർ 8 മുതൽ 2010 നവംബർ 9 വരെയാണ് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട കോൺഗ്രസ് പാർട്ടി അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വിലാസ് റാവു ദേശ്‌മുഖ് സർക്കാരിൽ സാംസ്കാരികം, വ്യവസായം, ഖനികൾ, പ്രോട്ടോക്കോൾ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയാണ് അശോക് ചവാൻ.

LEAVE A REPLY

Please enter your comment!
Please enter your name here