ക്യാൻസർ ചികിത്സയിൽ ഇത് പുതുവിപ്ലവം; ഇന്ത്യയിൽ വികസിപ്പിച്ച ‘കാർ-ടി’ ചികിത്സയിലൂടെ ആദ്യ രോഗി ക്യാൻസർ മുക്തനായി

0
237

ദില്ലി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ (CAR-T Cell Therapy) ആദ്യ രോഗി ക്യാൻസര്‍ മുക്തനായി. അടുത്തിടെയാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്‍ഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ചികിത്സാ രീതി വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്. ക്യാൻസർ രോഗത്തെ പ്രതിരോധിക്കാവുന്ന തരത്തിലേക്ക് രോഗിയുടെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തന്നെ പുനർസജ്ജമാക്കുന്നതാണ് ഈ ചികിത്സാ രീതിയുടെ ഉള്ളടക്കമെന്ന് വിദഗ്ധര്‍ പറയുന്നു. ഡൽഹി സ്വദേശിയായ ഉദരരോഗ വിദഗ്ധൻ ഡോ. (കേണൽ) വി.കെ ഗുപ്തയാണ് ഈ ചികിത്സയിലൂടെ ക്യാൻസ‍ർ മുക്തനായ ആദ്യ രോഗി. വിദേശത്ത് നാല് കോടിയോളം രൂപ ചെലവ് വരുന്ന ഈ ചികിത്സ 42 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തിന് ഇന്ത്യയിൽ ലഭ്യമായത്.

ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിക്കുന്ന ശ്വേത രക്താണുവാണ് ടി – കോശങ്ങള്‍. ഇവയെ ജനിതക സാങ്കേതിക വിദ്യയിലൂടെ ക്യാൻസര്‍ കോശങ്ങളെ നശിപ്പിക്കാൻ പ്രാപ്തമാക്കി മാറ്റുകയാണ് ‘കാര്‍-ടി’ സെൽ ചികിത്സയിൽ ചെയ്യുന്നത്. ഇതിനായി രോഗിയുടെ ശരീരത്തിൽ നിന്ന് ടി-കോശങ്ങളെ ശേഖരിച്ച് അവയിൽ ലബോറട്ടറിൽ വെച്ച് മാറ്റം വരുത്തും. കൈമറിക് ആന്റിജൻ റിസപ്റ്റർ (Chimeric Antigen Receptor – CAR) എന്ന പ്രത്യേക പ്രോട്ടീൻ പ്രവര്‍ത്തന സജ്ജമാക്കുന്ന പ്രക്രികയയാണ് ലബോറട്ടറിയിൽ ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യുന്നത്. തുടർന്ന് ഇത്തരത്തിൽ മാറ്റം വരുത്തിയ ടി-കോശങ്ങളെ രോഗിയുടെ ശരീരത്തിൽ തന്നെ തിരികെ നിക്ഷേപിക്കും. ഈ കോശങ്ങള്‍ ക്യാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതാണ് ചികിത്സാ രീതി.

2023 ഒക്ടോബർ മാസമാണ്, ഇന്ത്യയിൽ മരുന്നുകള്‍ക്ക് അംഗീകാരം നൽകുന്ന സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO)ഇന്ത്യയിൽ CAR-T ചികിത്സയ്ക്ക് വാണിജ്യ അടിസ്ഥാനത്തിൽ അനുമതി നൽകിയത്. CAR-T സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ ഇമ്യൂണോആക്ട് (ImmunoACT) എന്ന കമ്പനി പ്രദേശികമായി വികസിപ്പിച്ച NexCAR19 എന്ന ചികിത്സയാണ് ഇവിടെ നൽകുന്നത്. ബോംബൈ ഐഐടിയുടെയും ടാറ്റ മെമ്മോറിയൽ ആശുപത്രിയുടെയും പിന്തുണയോടെ സ്ഥാപിതമായ കമ്പനിയാണ് ഇമ്യൂണോആക്ട്. ബി-കോശ ക്യാൻസറുകളെന്ന് അറിയപ്പെടുന്ന ലുക്കീമിയ, ലിംഫോമ (Leukaemia, Lymphoma) തുടങ്ങിയവയ്ക്ക് ഫലപ്രദമാണ് ഈ ചികിത്സയെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. രാജ്യത്തെ 10 നഗരങ്ങളിലുള്ള മുപ്പതിലധികം ആശുപത്രികളിൽ ഈ ചികിത്സ നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. 15 വയസിന് മുകളിൽ പ്രായമുള്ള ക്യാൻസർ രോഗികള്‍ക്കാണ് ഈ ചികിത്സ സ്വീകരിക്കാനാവുന്നതെന്നും വിദഗ്ധ‍ർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here