കവചിത വാഹനം, മണ്ണുമാന്തി യന്ത്രങ്ങൾ, ഹൈഡ്രോളിക് ക്രെയിനുകൾ; വൻ സന്നാഹവുമായി കർഷകർ അതിർത്തിയിൽ| VIDEO

0
140

ന്യൂഡൽഹി: കർഷകസമരത്തിന്റെ ഭാഗമായുള്ള ഡൽഹി ചലോ മാർച്ച് ബുധനാഴ്ച 11-ന് പുനരാംരംഭിക്കാനിരിക്കെ അതിർത്തികേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടിയത്. പോലീസ് സ്ഥാപിച്ച ബന്തവസ്സ് പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ കർഷകർ സജ്ജമാക്കിയിട്ടുണ്ട്.

കർഷകരുടെ ‘യുദ്ധടാങ്കുകൾ’

പോലീസിന്റെ പ്രതിരോധത്തെ തകർക്കാനുള്ള വലിയ ഒരുക്കങ്ങളാണ് കർഷകർ നടത്തിയിരിക്കുന്നത്. യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തിയന്ത്രങ്ങൾ ശംഭു അതിർത്തിയിലേക്കെത്തിക്കുന്ന കർഷകരെയാണ് പ്രക്ഷോഭം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കാണാനാവുന്നത്. പ്രതിഷേധത്തിന്റെ ആദ്യദിനങ്ങളിൽ കർഷകർക്കുനേരെ വലിയ തോതിലുള്ള കണ്ണീർവാതക- റബ്ബർ ബുള്ളറ്റ് പ്രയോ​ഗം പോലീസ് നടത്തിയിരുന്നു.

ഇതിനെ പ്രതിരോധിക്കാനായാണ് ഇരുമ്പുഷീറ്റുകൾകൊണ്ട് പൊതിഞ്ഞ മണ്ണുമാന്തി യന്ത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. ഡ്രൈവറുടെ ക്യാബിനു ചുറ്റും ഇരുമ്പുഷീറ്റുകൾകൊണ്ട് കവചം തീർത്തിരിക്കുന്നതിനാൽ കണ്ണീർവാതക ഷെല്ലുകളെയും മറ്റും തരണംചെയ്ത് മുന്നോട്ടുപോകാനാവും. ലോറികളിൽ അത്യാധുനിക യന്ത്രങ്ങൾ എത്തിക്കുന്ന കർഷകരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കണ്ണീർവാതക ഷെല്ലുകളെ ചെറുക്കാൻ നനഞ്ഞ ചാക്ക്

കണ്ണീർവാതക ഷെല്ലുകളെ തടയാനായി വാഹനങ്ങളിൽ നിരവധി ചാക്കുകളും കർഷകർ എത്തിച്ചിട്ടുണ്ട്. കണ്ണീർവാതക ഷെല്ലുകൾക്കു മുകളിലേക്ക് നനഞ്ഞ ചാക്കുകൾ ഇട്ട് പുക തടയുകയാണ് കർഷകരുടെ പദ്ധതി. കണ്ണീർവാതകത്തെ തടയാനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെൽമറ്റുകളും കർഷകരുടെ പക്കലുണ്ട്.

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോ​ഗിച്ച് ശംഭു അതിർത്തിയിലെ ഘ​​ഗ്​ഗർ നദി കർഷകർ മുറിച്ചുകടക്കാതിരിക്കാൻ നദിയിലെ മണലെടുത്ത് അടിത്തട്ടിന്റെ ആഴം കൂട്ടിയിരിക്കുകയാണ് പോലീസ്. എന്നാൽ മണൽ നിറച്ച ചാക്കുകളുമായി വാഹനങ്ങൾ അതിർത്തികളിലേക്ക് കർഷകർ എത്തിച്ചിട്ടുണ്ട്. വെള്ളത്തിൽ മണൽചാക്കുകൾ ഇട്ട് താൽകാലിക പാലം നിർമിച്ച് നദിയിലൂടെ ഡൽഹിയിലേക്ക് കടക്കാനാണ് കർഷകരുടെ നീക്കം.

ബാരിക്കേഡ് തകർത്താൽ നടപടിയെന്ന് പോലീസ്

ബാരിക്കേഡുകൾ തകർക്കാനായി കർഷകർ വലിയ സന്നാഹങ്ങൾ ഒരുക്കിയതായും അവരുടെ പക്കലുള്ള മണ്ണുമാന്തി യന്ത്രങ്ങൾ അടക്കമുള്ളവ എത്രയും വേ​ഗം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് പോലീസിന് ഹരിയാണ പോലീസ് മേധാവി കത്തുനൽകി. ശംഭുവിൽ തമ്പടിച്ചിരിക്കുന്ന കർഷകർ, കുട്ടികളെയും സ്ത്രീകളെയും മുതിർന്ന പൗരന്മാരേയും ഉൾപ്പെടെ പ്രക്ഷോഭത്തിന്റെ മുന്നിൽ നിർത്തിയേക്കുമെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. അതിനാൽ ബാരിക്കേഡുകൾ തകർക്കാൻ കർഷകർ ശ്രമിച്ചാൽ പോലീസിന് മറ്റു വഴികൾ ഇല്ലെന്നും നടപടി ഉറപ്പാണെന്നും ഹരിയാന ഡി.ജി.പി. അറിയിച്ചു. അതിനാൽ സ്ത്രീകളെയും കുട്ടികളെയും മുതിർന്ന പൗരന്മാരേയും സംഭവസ്ഥലത്തുനിന്നു സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും പോലീസ് മേധാവിയുടെ അറിയിപ്പിൽ പറയുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ അതിർത്തിയിലേക്കുള്ള നീക്കം തടയാൻ പഞ്ചാബ് പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.

പ്രധിരോധം തീർത്ത് സേനകൾ

പഞ്ചാബ്- ഹരിയാണ അതിർത്തിയായ ശംഭുവിൽ യുദ്ധസമാനമായ സജ്ജീകരണങ്ങളാണ് പോലീസും അർധസൈനികവിഭാ​ഗവും ഒരുക്കിയിരുക്കുന്നത്. ഡൽഹിയിലേക്കുള്ള അതിർത്തികളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു കാരണവശാലും കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് നിലപാട്. അതിർത്തികളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ, മുള്ളുവേലികൾ, ഷിപ്പിങ് കണ്ടെയിനറുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കർഷകരുടെ ട്രാക്ടറുകളും മറ്റു വാഹനങ്ങളും തടയാനായി കോൺക്രീറ്റിൽ ഉറപ്പിച്ച ആണികളും റോഡിനു മുകളിൽ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യേഗസ്ഥരുടെ വന്‍വിന്യാസമാണ് തലസ്ഥാനത്തുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here