‘റോഡരികിലെ എല്ലാ കല്ലും വിഗ്രഹമല്ല’, വിമർശനം, സ്വകാര്യവസ്തുവിന് മുന്നിലെ കല്ല് നീക്കാൻ ഹൈക്കോടതി നിർദേശം

0
174

ചെന്നൈ: റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. നിരീക്ഷണം സ്വകാര്യവസ്തുവിന് മുന്നിൽ അയൽക്കാരൻ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി നൽകിയ ഹർജിയിൽ. ഒരാഴ്ചയ്ക്കകം കല്ല് നീക്കണമെന്ന് പൊലീസിനും റവന്യൂവകുപ്പിനും കോടതി നിർദേശം നൽകി. അന്ധവിശ്വാസത്തിന്റെ പേരിൽ റോഡ് സൈഡിലെ കല്ല് നീക്കാൻ മടിക്കുന്നതിനെതിരെ രൂക്ഷ വിമർശനത്തോടെയാണ് കോടതി തീരുമാനം.

കല്ലില്‍ തുണി ചുറ്റി ഏതാനും ക്രിയകൾ ചെയ്ത് ഒരു പ്രതിഷ്ഠ എന്ന നിലയിലായിരുന്നു സ്വകാര്യ വസ്തുവിന് മുന്നിൽ കല്ല് സ്ഥാപിച്ചത്. സമീപത്തെ സ്ഥലമുടമകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലായിരുന്നു കല്ല് സ്ഥാപിച്ചിരുന്നത്. ജസ്റ്റിസ് എൻ ആനന്ദ് വെങ്കടേഷാണ് കല്ല് നീക്കാൻ പല്ലവാരം റേഞ്ച് എസിപിക്ക് നിർദേശം നൽകിയത്. സ്വകാര്യ വസ്തുവിന് മുന്നിലുള്ള കല്ല് വെറുമൊരു കല്ലാണോ അതോ പ്രതിഷ്ഠയാണോയെന്ന് ഉറപ്പിക്കാൻ പ്രാദേശിക ഭരണകൂടത്തിന് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സ്ഥലമുടമ കല്ലിനെതിരെ കോടതി കയറിയത്. ഇ ശക്തി മുരുഗൻ എന്നയാളുടെ റിട്ട് പരാതി റദ്ദാക്കിയാണ് കോടതിയുടെ തീരുമാനം.

കുമരേശൻ എന്നയാളുടെ വസ്തുവിന് പുറത്തായിരുന്നു കല്ല് സ്ഥാപിച്ചത്. കല്ല് വച്ചത് മൂലം സ്ഥലത്തേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുന്നുവെന്നായിരുന്നു പരാതിക്കാരൻ കോടതിയെ അറിയിച്ചത്. കല്ല് നീക്കാൻ പൊലീസ് സംരക്ഷണ നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. സമൂഹം അന്ധ വിശ്വാസങ്ങൾ ഉപേക്ഷിക്കുന്നില്ലെന്നും വികാസം പ്രാപിക്കുന്നില്ലെന്നും കോടതി വിമർശനത്തിലുണ്ട്. കേസ് കോടതിയുടെ സമയം പാഴാക്കി കളയുന്നതാണെന്നും കോടതി വ്യക്തമാക്കി. കല്ല് നീക്കാനാവശ്യമായ പൊലീസ് സംരക്ഷണ പരാതിക്കാരന് ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here