ദൽഹിയിൽ 600 വർഷം പഴക്കമുള്ള പള്ളി പൊളിച്ചുമാറ്റി; അനധികൃതമെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കോടതി നിർദേശം

0
235

ന്യൂദൽഹി: മുഗൾ കാലഘട്ടത്തിനും നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിക്കപ്പെട്ട മെഹ്റോളിയിലെ അഖുന്ദ്ജി മസ്ജിദ് പൊളിച്ചതിനെതിരെ ദൽഹി ഹൈക്കോടതി.

ജനുവരി 30ന് പുലർച്ചെ വൻ സന്നാഹവുമായി എത്തിയ പൊലീസ് ബലംപ്രയോഗിച്ച് പള്ളി പൊളിച്ചുമാറ്റിയതിന് ആധാരമാക്കിയ രേഖകൾ ഹാജരാക്കാൻ കോടതി ദൽഹി വികസന അതോറിറ്റിയോട് (ഡി.ഡി.എ) ആവശ്യപ്പെട്ടു.

സ്ഥലം ദൽഹി വികസന അതോറിറ്റിയുടേതാണെന്നും ഒഴിയണമെന്നും പറഞ്ഞായിരുന്നു ഇടിച്ചുനിരത്തിയത്.

അതേസമയം പ്രദേശത്തെ അനധികൃത കൈയേറ്റങ്ങൾ തങ്ങൾ അടയാളപ്പെടുത്തുമെന്ന് പറഞ്ഞിരുന്ന ഡി.ഡി.എ മുന്നറിയിപ്പില്ലാതെയാണ് പള്ളി പൊളിച്ചു നീക്കിയത് എന്ന് മസ്ജിദ് അധികൃതർ കോടതിയെ അറിയിച്ചു.

അനധികൃത നിർമ്മിതികൾ പൊളിച്ചുമാറ്റാനുള്ള നടപടിയുടെ ഭാഗമായാണ് പള്ളി പൊളിച്ചത് എന്നും ഇവ പരിശോധിക്കുന്ന സർക്കാർ കമ്മിറ്റി പള്ളി അനധികൃതമാണെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നുമാണ് ഡി.ഡി.എയുടെ വാദം.

എന്നാൽ പള്ളികളോ കല്ലറകളോ മെഹ്റോളി പുരാവസ്തു പാർക്കിലെ വഖഫ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ പൊളിക്കില്ലെന്ന് ദൽഹി ഹൈക്കോടതിയിൽ ഡി.ഡി.എ നേരത്തെ ഉറപ്പ് നൽകിയിരുന്നു.

അഖുന്ദ്ജി മസ്ജിദിനോട്‌ ചേർന്ന് സ്ഥിതി ചെയ്തിരുന്ന ബഹ്‌റുൽ ഉലൂം മദ്രസയും പുണ്യ വ്യക്തികളുടേതെന്ന് കരുതപ്പെടുന്ന കല്ലറകളും പൂർണമായി തകർത്തിട്ടുണ്ട്.

പള്ളി പൊളിച്ചുനീക്കിയത് സംബന്ധിച്ച് യാതൊന്നും പുറത്തറിയാതിരിക്കാൻ കെട്ടിടാവാശിഷ്ടങ്ങൾ പോലും സംഭവസ്ഥലത്ത് നിന്ന് നീക്കിയിട്ടുണ്ട് എന്നാണ് ആരോപണം.

പള്ളി പൊളിക്കാൻ വന്ന അധികൃതർ നടപടികൾ ചിത്രീകരിക്കുന്നത് തടയാൻ ഇമാം ഉൾപ്പെടെ പള്ളിയിൽ ഉണ്ടായിരുന്ന എല്ലാവരുടെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.

മദ്രസ വിദ്യാർത്ഥികൾക്ക് ഖുർആനോ വസ്ത്രങ്ങളോ ഭക്ഷണ സാധനങ്ങളോ എടുത്തുമാറ്റാനുള്ള സാവകാശം പോലും ലഭിച്ചില്ലെന്ന് ഇമാം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here