ആദ്യരാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി, യുവാവിനെ പൊലീസ് കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം

0
194

വിവാഹദിവസം രാത്രിയിൽ മുങ്ങിയ വരനെ ഒടുവിൽ കണ്ടെത്തുന്നത് മൂന്നു ദിവസത്തിന് ശേഷം. ബിഹാറിലെ മുസാഫർപൂരിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. നവവധുവിനെയും മൊത്തം കുടുംബത്തെയും ആകെ ആശങ്കയിലാക്കിയായിരുന്നു വിവാഹദിവസം രാത്രി വരനെ കാണാതായത്.

പിന്നാലെ, യുവാവിന്റെ കുടുംബം പൊലീസ് സ്റ്റേഷനിൽ ഇയാളെ കാണാനില്ല എന്ന് ഒരു പരാതിയും നൽകി. അഹിയാപൂർ പൊലീസ് സ്റ്റേഷൻ്റെ പരിധിയിൽ വരുന്ന ബിഹാറിലെ ഷഹബാസ്പൂർ ഗ്രാമത്തിൽ നിന്നുള്ള ആദിത്യ ഷാഹി എന്ന യുവാവിനെയാണ് വിവാഹദിവസം രാത്രി കാണാതായത്. ബോചഹാനിൽ നിന്നുള്ള യുവതിയെയായിരുന്നു ഇയാൾ വിവാഹം കഴിച്ചത്. ഫെബ്രുവരി 4 -ന് വളരെ ആർഭാടത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം. ആഘോഷമെല്ലാം കഴിഞ്ഞ് ഇരുവരും വൈകിട്ടോടെ യുവാവിന്റെ വീട്ടിലെത്തുകയും ചെയ്തു.

എന്നാൽ, വധുവിനെ തനിച്ചാക്കി യുവാവ് അന്ന് രാത്രി അവിടെ നിന്നും എങ്ങോട്ടോ പോവുകയായിരുന്നു. ഇതോടെ ഇയാളുടെ വീട്ടുകാരും വിവാഹം കഴിച്ച പെൺകുട്ടിയും ആകെ പരിഭ്രാന്തരായി. യുവാവിനെ കാണാനില്ല എന്ന് കാണിച്ച് പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതിയും നൽകി. രണ്ട് ദിവസം യുവാവിന്റെ ഫോൺ സ്വിച്ചോഫ് ആയിരുന്നു. ആ സമയത്ത് ഇയാൾ പാറ്റ്നയിലും ദനാപൂരിലും ചെന്നു എന്നാണ് പറയുന്നത്. രണ്ട് ദിവസത്തിന് ശേഷം യുവാവ് തന്റെ ഫോൺ ഓൺ ചെയ്തു. ആ സമയത്ത് പൊലീസ് യുവാവിന്റെ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്യുകയായിരുന്നു.

പിന്നാലെ, പൊലീസെത്തി ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. മൂന്നാം ദിവസം രാത്രിയാണ് യുവാവ് ഫോൺ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. കൂടാതെ അക്കൗണ്ടിൽ നിന്നും 50,000 രൂപയും ഇയാൾ പിൻവലിച്ചിരുന്നു. എന്നാൽ, എന്തിനാണ് ഇയാൾ വിവാഹദിവസം രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here