കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടിമരിച്ച നിലയിൽ

0
228

പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നി​ഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു.

2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ ബാബു കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപ്പോകുന്നത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒറ്റക്ക് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു.

മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ബാബു മല കയറിതുടങ്ങിയത്. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ ട്രക്കിങ് തുടങ്ങി. ഒരു കിലോമീറ്റര്‍ ഉയരമുള്ള ചെറാട് മലയുടെ മുകളിലെത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ ദൗത്യം എളുപ്പമായിരുന്നില്ല. കനത്ത വെയിലായതിനാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചു. ഈ സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി.

ഉയരത്തില്‍ നിന്ന് 400 മീറ്ററും തറനിരപ്പില്‍ നിന്ന് 600 മീറ്ററിനും ഇടയിലെ ഇടുക്കിലാണ് ബാബു കുടുങ്ങിയത്. കാലിന് ചെറിയ പരിക്കേറ്റു. വീഴ്ചക്കിടയിലും മൊബൈല്‍ ഫോണ്‍ കൈവിടാതിരുന്നത് ബാബുവിന് രക്ഷയായി. മൊബൈല്‍ ഫോണില്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബാബു താന്‍ കുടുങ്ങിയ കാര്യം വിളിച്ചറിയിച്ചു. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ഥിച്ചു. രാത്രി ഫ്‌ലാഷ് ലൈറ്റ് തെളിച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. ഒടുവിൽ സൈന്യമെത്തിയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. ബെംഗളൂരുവില്‍ നിന്നും ഊട്ടിയില്‍ നിന്നുമായി രണ്ട് യൂണിറ്റ് കരസേന, 40ഓളം എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, വനംവകുപ്പ്, നാട്ടൂകാര്‍ എന്നിവരാണ് ബാബുവിനെ താഴെയെത്തിക്കാന്‍ മുന്നിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here