അപൂർവങ്ങളിൽ അപൂർവം; വിൻഡീസ് ബാറ്ററെ റണ്ണൗട്ടാക്കിയിട്ടും അപ്പീൽ ചെയ്തില്ല, പിന്നീട് റീപ്ലേ കണ്ട് ഞെട്ടി ഓസീസ്

0
325

അഡ്‌ലെയ്ഡ്:ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ അല്‍സാരി ജോസഫിന് അപൂര്‍വ ഭാഗ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഗെല്ന്‍ മാക്സ്‌വെല്ലിന്‍റെ സെഞ്ചുറി കരുത്തില്‍ 241 റണ്‍സ് അടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സടിക്കാനെ കഴിഞ്ഞിരുന്നുള്ളു. വിന്‍ഡീസിന്‍റെ അവസാന ബാറ്ററായി ക്രീസിലെത്തിയത് പേസ് ബൗളര്‍ അല്‍സാരി ജോസഫായിരുന്നു. പതിനെട്ടാം ഓവറില്‍ 189-9ലേക്ക് വീണ് തോല്‍വി ഉറപ്പിച്ചപ്പോഴായിരുന്നു  അല്‍സാരി ജോസഫ് ക്രീസിലെത്തിയത്. അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത് അല്‍സാരി ജോസഫ് പുറത്താകാതെ നിന്നു.

എന്നാല്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ അല്‍സാരി ജോസഫ് റണ്ണൗട്ടായിരുന്നു. സ്പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ കവറിലേക്ക് പന്ത് അടിച്ച ശേഷം അല്‍സാരി ജോസഫ് അതിവേഗ സിംഗിളിനായി ഓടി. ത്രോ വന്നത് ബൗളറുടെ എന്‍ഡിലേക്കായിരുന്നു. അല്‍സാരി ജോസഫ് ക്രീസിലെത്തും മുമ്പെ സ്പെന്‍സര്‍ ജോണ്‍സണ്‍ ബെയില്‍സിളക്കിയെങ്കിലും അല്‍സാരി ജോസഫ് ക്രീസിലെത്തിയെന്ന് കരുതി ഓസീസ് അപ്പീല്‍ ചെയ്തില്ല.

പിന്നീട് അല്‍സാരി ജോസഫിന്‍റെ റണ്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ കാണിച്ചപ്പോള്‍ അല്‍സാരി ജോസഫ് ക്രീസിലെത്തിയില്ലെന്ന് വ്യക്തമായി. ഇതോടെ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ടിം ഡേവിഡും അമ്പയര്‍ക്ക് അടുത്തെത്തി അപ്പീല്‍ ചെയ്തെങ്കിലും ഔട്ട് വിളിക്കാനാവില്ലെന്ന് അമ്പയര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ അപ്പീല്‍ ചെയ്തിരുന്നുവെന്ന് ടിം ഡേവിഡ് പറഞ്ഞെങ്കിലും അമ്പയര്‍ സമ്മതിച്ചില്ല. അങ്ങനെ ഔട്ടായിട്ടും അല്‍സാരി ജോസഫിന് ക്രീസില്‍ തുടരാനുള്ള ഭാഗ്യം കിട്ടി. മത്സരഫലത്തെ സ്വാധീനിച്ചില്ലെങ്കിലും ഔട്ടിനായി അപ്പീല്‍ ചെയ്യാതിരുന്നത് ഓസ്ട്രേലിയക്ക് നാണക്കേടാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here