ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നല്‍കിയ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി മദ്രാസ് ഹൈക്കോടതി 15 ദിവസത്തേക്ക് ജയിലിലടച്ച മുന്‍ ഐപിഎസ് ഓഫീസര്‍ ജി സമ്പത്ത് കുമാറിനെതിരായ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ധോണിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
കോടതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് 2022ലാണ് ധോണി ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. 2013ലെ ഐപിഎല്‍ മത്സരങ്ങളിലെ ഒത്തുകളി, വാതുവയ്പ് കേസുകള്‍ അന്വേഷിച്ച സമ്പത്ത് കുമാര്‍, ധോണിക്കു വാതുവയ്പില്‍ പങ്കുണ്ടെന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
തുടര്‍ന്നു ധോണി 100 കോടി രൂപ നഷ്ടപരിഹാരം തേടി മാനനഷ്ടക്കേസ് നല്‍കി. കേസ് പരിഗണിച്ച കോടതി ധോണിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍, സമ്പത്ത് നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ കോടതികളെ വിമര്‍ശിച്ചതിനെതിരെ ധോണി കോടതിയെ സമീപിക്കുകയായിരുന്നു.