ജക്കാര്‍ത്ത: ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തിനിടെയാണ് ആരാധകരെ നടക്കുന്ന സംഭവം ഉണ്ടായത്. പടിഞ്ഞാറന്‍ ജാവയിലെ സില്‍വാങ്കി സ്റ്റേഡിയത്തില്‍ ബാണ്ടുങ്ക് എഫ് സിയും സുബാങ് എഫ് സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് 34കാരനായ ഫുട്ബോള്‍ താരം ഇടിമിന്നലേറ്റ് മരിച്ചത്.
മത്സരത്തിനിടെ സുബാങ് എഫ് സിയുടെ പ്രതിരോധ നിരയില്‍ നില്‍ക്കുകയായിരുന്ന താരത്തിന്‍റെ ദേഹത്ത് നേരിട്ട് ഇടിമിന്നലേല്‍ക്കുകയായിരുന്നു. അപ്പോള്‍ തന്നെ കുഴഞ്ഞുവീണ കളിക്കാരനെ സഹതാരങ്ങള്‍ ഓടിയെത്തി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആ സമയം കളിക്കാരൻ ശ്വാസമെടുക്കുന്നുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മത്സരത്തിനിടെ കളിക്കാരന്‍ ഇടിമിന്നലേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഈ മാസം 10നാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്‍ഡോനേഷ്യയില്‍ ഫുട്ബോള്‍ താരം മത്സരത്തിനിടെ ഇടിമിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 13 മത്സരങ്ങള്‍ക്കിടെയും ഒരു കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു.
This happened during a football match in Indonesia 🇮🇩 pic.twitter.com/JHdzafaUpV
— Githii (@githii) February 11, 2024
കഴിഞ്ഞ വര്‍ഷം ബ്രസീലിലും 21കാരനായ ഫുട്ബോള്‍ താരം മത്സരത്തിനിടെ ഇടിമിന്നേലേറ്റ് മരിച്ചിരുന്നു. ലോകത്താതെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ആറോളം കളിക്കാരാണ് മത്സരത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്.