ലഖ്‌നൗ: ബി.ജെ.പിക്ക് 400 സീറ്റ് ലഭിച്ചാൽ രാജ്യം മുഴുവൻ ഗോവധം നിർത്തലാക്കുമെന്ന് ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ. അതിനു വേണ്ടി മോദി സർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അയോധ്യയോടുള്ള തെറ്റായ നിലപാട് ഇന്ത്യയിലെ മുസ്‌ലിംകളുടെ അബദ്ധങ്ങളിലൊന്നായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
അഖില ഭാരതീയ ധർമ സംഘം ‘കൗ ആൻഡ് ഇന്ത്യ’ എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാനവാസ് ഹുസൈൻ. ‘രാജ്യത്തെ ജനങ്ങൾ ബി.ജെ.പിക്ക് 300 സീറ്റ് നൽകിയപ്പോൾ ശ്രീരാമൻ അയോധ്യയിലെത്തി. ഇത്തവണ ബി.ജെ.പിക്ക് 400 സീറ്റ് ലഭിച്ചാൽ രാജ്യം മൊത്തത്തിൽ ഗോവധം നിർത്തലാക്കും. ഗോവധം പൂർണമായി നിരോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. മോദി സർക്കാർ എന്തായാലും അതിനു വേണ്ടി പ്രവർത്തിക്കും’-അദ്ദേഹം പ്രഖ്യാപിച്ചു.
ഹിന്ദൂയിസം ഒരു മതമല്ല, ജീവിതരീതിയാണെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു. രാജ്യത്തെ മുസ്‌ലിംകൾ മൂന്ന് അബദ്ധങ്ങൾ ചെയ്തിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതാണ് ഒന്നാമത്തേത്. വിഭജന സമയത്ത് പാകിസ്താനെ പിന്തുണച്ചതാണ് മറ്റൊന്ന്. അയോധ്യയോട് സ്വീകരിച്ച തെറ്റായ നിലപാടാണ് മൂന്നാമത്തേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യൻ സംസ്‌കാരം സുരക്ഷിതമാണെന്ന് ലാൽബഹദൂർ സംസ്‌കൃത കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മുരളി മനോഹർ പഥക് ചടങ്ങിൽ പറഞ്ഞു. പശുവും ഗംഗയും ഗായത്രിയും വിശുദ്ധമാണെന്ന് അഹലബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ പറഞ്ഞു.