സഊദിയിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളിയുടെ മോചനത്തിന് 33 കോടി ദിയാ ധനം; റഹീമിന് താങ്ങാകാൻ പ്രവാസി സമൂഹം റിയാദിൽ ഒരുമിച്ചു

0
210

റിയാദ്: അബദ്ധത്തില്‍ സഊദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന് താങ്ങാകാൻ മലയാളി സമൂഹം. മോചനത്തിന് ആവശ്യമായ ദിയാ ധനം കണ്ടെത്താനായി മലയാളി കൂട്ടായ്മകള്‍ റിയാദിൽ ഒരുമിച്ചു. വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ കൊല്ലപ്പെട്ട ബാലന്റെ കുടുംബം ആവശ്യപ്പെട്ട 33 കോടി രൂപാ കണ്ടെത്താനാണ് കൈകോർത്ത് പ്രവാസി മലയാളികൾ റിയാദിൽ യോഗം ചേർന്നത്. ആഗോള തലത്തില്‍ തന്നെ മലയാളി സമൂഹത്തെ പങ്കാളികളാക്കി ദിയ തുക സമാഹരിക്കാനുള്ള റഹീമിന്റെ കുടുംബത്തിന്റെയും നാട്ടിലെ റഹീം നിയമ സഹായ സമിതിയുടെയും തീരുമാനത്തിന് റിയാദിലെയും മറ്റും പ്രവാസികള്‍ പൂര്‍ണ പിന്തുണ നല്‍കും.

മോചനത്തിനായി ഒറ്റക്കെട്ടായി ഇറങ്ങാനാണ് കഴിഞ്ഞ ദിവസം റിയാദിൽ ചേർന്ന മലയാളി സമൂഹം തീരുമാനിച്ചിരിക്കുന്നത്. റിയാദ് ബത്ഹ അപ്പോളോ ഡി പാലസില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നജാത്തി (ദമാം ക്രിമിനൽ കോർട്ട്) നിയമ വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. അഷ്‌റഫ് വേങ്ങാട്ട് കേസിന്റെയും നിയമ നടപടികളുടെയും വിശദാംശങ്ങള്‍ വിശദീകരിച്ചു. എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, ലോക കേരള സഭ അംഗങ്ങളായ കെ പി എം സാദിക്ക് വാഴക്കാട്, ഇബ്രാഹിം സുബ്ഹാന്‍, സമിതി അംഗങ്ങളായ സിദ്ദീഖ് തുവ്വൂര്‍, നവാസ് വെള്ളിമാട്കുന്ന്, അര്‍ഷാദ് ഫറോക്ക്, മൊഹിയുദീന്‍, കുഞ്ഞോയി കോടമ്പുഴ, ഷമീം മുക്കം, പ്രവാസി കൂട്ടായ്മാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ നന്ദിയും പറഞ്ഞു.

സഹായ ധനം സ്വീകരിക്കുന്നതിന്റെ ഭാഗമായി നാട്ടില്‍ നിയമ സഹായ സമിതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങും. ആവശ്യമെങ്കില്‍ വിവിധ ബാങ്കുകളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ആരംഭിക്കും. റിയാദില്‍ സഊദി കുടുംബത്തിന്റെ പേരില്‍ കോടതിയുടെ അനുമതിയോടെ അക്കൗണ്ട് ഉടന്‍ ആരംഭിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. വൻ തുകയായതിനാൽ വിവിധ കോണുകളിൽ നിന്നുള്ള സഹായം വേണ്ടി വരുമെന്നതിനാൽ വിവിധ രാജ്യങ്ങളില്‍ നാട്ടിലെ സമിതിയുടെ കീഴില്‍ പ്രത്യേക കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനമായി.

15 ദശലക്ഷം റിയാല്‍ (33 കോടി രൂപ) ദിയാധനം ലഭിച്ചാല്‍ മാപ്പ് നല്‍കുമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ തുക രണ്ട് മാസത്തിനുള്ളിൽ വേണമെന്ന് അടുത്തിടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ദിയാധനം നൽകിയാൽ മാപ്പ് നൽകാമെന്ന് കുടുംബം അറിയിച്ചതായി സഊദി വിദേശകാര്യമന്ത്രാലയം റിയാദ് ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി ഇക്കാര്യം റഹീമിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സഊദി ഭരണാധികാരിക്ക് ദയാഹരജിയും നല്‍കിയിട്ടുണ്ട്.

നേരത്തെ കേസില്‍ കോടതി വിധിയില്‍ മാത്രം ഉറച്ചുനിന്നിരുന്ന സഊദി കുടുംബം ഇന്ത്യന്‍ എംബസ്സിയുടെയും നാട്ടിലും റിയാദിലും പ്രവര്‍ത്തിക്കുന്ന റഹീം നിയമസഹായ സമിതിയുടെയും നിരന്തരമായ സമ്മര്‍ദത്തിന്റെ ഫലമായാണ് വന്‍ തുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നല്‍കാന്‍ മുന്നോട്ട് വന്നത്.

2006 ഡിസംബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. 2012 ജനുവരി 26ന് ശരീഅഃ കോടതി റഹീമിന് വധശിക്ഷയും കേസിൽ പിടിക്കപ്പെട്ട ബന്ധു നസീറിന് തടവുശിക്ഷയും 300 അടിയും ശിക്ഷി വിധിച്ചത്. മലസ് സെൻട്രൽ ജയിലിൽ കഴിഞ്ഞ നസീർ 2016 ൽ മോചിതനായി. 16 വർഷത്തിലധികമായി റഹീം വധശിക്ഷ കാത്ത് അല്‍ഹായിര്‍ ജയിലിലാണ് കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here