30 കള്ളന്മാർ, അടിച്ചെടുത്തത് 133 ടൺ കോഴിയിറച്ചി, രാജ്യത്തിന് മൊത്തം തലവേദനയായ മോഷണം

0
176

പലതരത്തിലുള്ള മോഷണങ്ങളും നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, തികച്ചും അസാധാരണമായൊരു മോഷണത്തിന്റെ കഥയാണ് ക്യൂബയിൽ നിന്നും പുറത്ത് വരുന്നത്. ഇത് ക്യൂബയിലെ അധികൃതർക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കള്ളന്മാർ മോഷ്ടിച്ചത് 133 ടൺ കോഴിയിറച്ചിയാണ്. 30 പേർ‌ ചേർന്നാണ് ഈ വൻ മോഷണം നടത്തിയത്.

അതും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും ക്യൂബയെ വലയ്‍ക്കുമ്പോഴാണ് ഇങ്ങനെ ഒരു മോഷണം നടന്നത് എന്നതും ശ്രദ്ധേയമാണ്. തലസ്ഥാന നഗരമായ ഹവാനയിലെ സ്റ്റേറ്റിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലാണത്രെ മോഷണം നടന്നത്. 1,660 വെള്ള പെട്ടികളിൽ നിറച്ച കോഴിയിറച്ചിയാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. മോഷ്ടിച്ച കോഴിയിറച്ചി ട്രക്കുകളിലാണ് ഇവിടെ നിന്നും കടത്തിയത്.

മോഷ്ടാക്കൾക്ക് 20 വർഷത്തെ തടവു വരെ ശിക്ഷ കിട്ടാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെള്ളിയാഴ്ച ക്യൂബൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, മോഷ്ടിച്ച കോഴിയെ വിറ്റുകിട്ടിയ കാശ് കൊണ്ട് മോഷ്ടാക്കൾ റഫ്രിജറേറ്ററുകൾ, ലാപ്‌ടോപ്പുകൾ, ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയെല്ലാം വാങ്ങുകയായിരുന്നത്രെ.

മോഷ്ടിക്കപ്പെട്ട ഈ കോഴിയിറച്ചി ക്യൂബയിലെ റേഷൻ ബുക്ക് സമ്പ്രദായത്തിലൂടെ നാട്ടുകാർക്ക് വിതരണം ചെയ്യാൻ വച്ചതായിരുന്നു. ഫിദൽ കാസ്ട്രോയുടെ വിപ്ലവത്തെ തുടർന്ന് ആറ് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഈ റേഷൻ സമ്പ്രദായം നടപ്പിലാക്കിയത്. ഇതുവഴി സബ്സിഡിയിൽ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാവും.

സർക്കാർ ഭക്ഷ്യ വിതരണക്കാരായ COPMAR -ൻ്റെ ഡയറക്ടർ റിഗോബർട്ടോ മസ്റ്റലിയർ പറയുന്നത് വലിയൊരു വിഭാ​ഗം ജനങ്ങൾക്ക് നൽകേണ്ടിയിരുന്ന കോഴിയാണ് കള്ളന്മാർ അടിച്ചെടുത്തോണ്ട് പോയത് എന്നാണ്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്കെല്ലാം രാജ്യത്ത് ക്ഷാമമാണ്. ആ സമയത്താണ് ഇങ്ങനെയൊരു കൊള്ള എന്നത് അധികൃതരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here