പല്ലെകെലെ: ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമായി ഓപ്പണര്‍ പാതും നിസങ്ക. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തില്‍ നിസങ്ക 139 പന്തില്‍ 20 ഫോറും 8 സിക്സുകളും സഹിതം പുറത്താവാതെ 210* റണ്‍സെടുത്തു. നിസങ്കയുടെ ബാറ്റിംഗ് താണ്ഡവത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 381-3 എന്ന പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി.
ആദ്യ വിക്കറ്റ് മുതല്‍ അഫ്ഗാന്‍ ബൗളര്‍മാരെ മെതിച്ചാണ് ശ്രീലങ്ക തുടങ്ങിയത്. അവിഷ്ക ഫെര്‍ണാണ്ടോ- പാതും നിസങ്ക സഖ്യം ഒന്നാം വിക്കറ്റില്‍ 26.2 ഓവറില്‍ 182 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 88 പന്തില്‍ 88 റണ്‍സെടുത്ത അവിഷ്കയെ ഫരീദ് അഹമ്മദ്, ഇബ്രാഹിം സദ്രാന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. അതേസമയം വണ്‍ഡൗണ്‍ പ്ലെയറും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കുശാല്‍ മെന്‍ഡിന് തിളങ്ങനായില്ല. കുശാല്‍ 31 ബോളില്‍ 16 റണ്‍സുമായി മുഹമ്മദ് നബിയുടെ പന്തില്‍ പുറത്തായി. 36 പന്തില്‍ 45 റണ്‍സെടുത്ത സദീര സമരവിക്രമ, നിസങ്കയ്ക്കൊപ്പം ലങ്കയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ച ശേഷമാണ് മടങ്ങിയത്. 48-ാം ഓവറിലെ ആദ്യ പന്തില്‍ ഫരീദ് അഹമ്മദ് തന്നെ സദീരയെ മടക്കുമ്പോള്‍ താരം 36 ബോളില്‍ 45 റണ്‍സെടുത്തിരുന്നു. സദീര- നിസങ്ക സഖ്യം 120 റണ്‍സ് മൂന്നാം വിക്കറ്റില്‍ ചേര്‍ത്തു. ലങ്കന്‍ ഇന്നിംഗ്സില്‍ രണ്ടാം തവണയാണ് നൂറ് റണ്‍സിലധികം പാര്‍ട്ണര്‍ഷിപ്പില്‍ പാതും നിസങ്ക പങ്കാളിയാവുന്നത്. ഇന്നിംഗ്സിലെ 50 ഓവറും പൂര്‍ത്തിയാകുമ്പോള്‍ പാതും നിസങ്ക 139 പന്തില്‍ 210* ഉം, ചരിത് അസലങ്ക 8 പന്തില്‍ 7* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
136 പന്തിലാണ് പാതും നിസങ്ക ഏകദിന ഡബിള്‍ തികച്ചത്. ഇരട്ട സെഞ്ചുറിക്കൊപ്പം മറ്റൊരു നേട്ടവും പാതും നിസങ്ക സ്വന്തമാക്കി. ഏകദിനത്തില്‍ ഒരു ലങ്കന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന മുന്‍ താരം സനത് ജയസൂര്യയുടെ 24 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് നിസങ്ക തകര്‍ത്തു. ടീം ഇന്ത്യക്കെതിരെ 2000ല്‍ ജയസൂര്യ നേടിയ 189 ആയിരുന്നു ഇതുവരെ റെക്കോര്‍ഡ് അലങ്കരിച്ചിരുന്നത്.