മാതൃശക്തിയോടുള്ള അവഗണന അവസാനിപ്പിക്കും’, ഉത്തരാഖണ്ഡിൽ ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി, രാജ്യത്ത് ആദ്യം

0
199

ദില്ലി: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നിയമസഭ പാസാക്കി. ഇതോടെ ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാൻ നിയമം സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. വിവാഹം ,വിവാഹ മോചനം, സ്വത്തവകാശം എന്നിവയിൽ തുല്യത ഉറപ്പാക്കും എന്നും പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.അതേസമയം, ബില്‍ പാസാക്കുന്നതില്‍ പ്രതിപക്ഷത്തെ വിവരങ്ങൾ അറിയിച്ചില്ല എന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. കോൺഗ്രസ് നേതാക്കളെ കൃത്യമായി അറിയിച്ചിരുന്നുവെന്ും കത്ത് നല്‍കിയിരുന്നുവെന്നും പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.

ഇന്നലെയാണ് ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പടുക്കുന്നതിനിടെ സംസ്ഥാനങ്ങൾ വഴി ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. ബിജെപി എംഎൽഎമാരുടെ ജയ് ശ്രീറാം വിളികൾക്കിടയിലാണ് മുഖ്യമന്ത്രി ബിൽ അവതരിപ്പിച്ചത്. എന്നാൽ തിടുക്കത്തിലാണ് നടപടിയെന്നും കരട് ബിൽ വായിക്കാൻ പോലും ബിജെപി സമയം നല്കിയില്ലെന്നും ആരോപിച്ച് പ്ലക്കാർഡുകളുമായി കോൺ​ഗ്രസ് നേതാക്കൾ സഭയിൽ പ്രതിഷേധിച്ചിരുന്നു. ലിം​ഗസമത്വം, സ്വത്തിൽ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവിൽ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശ വാദം. ഗോത്രവിഭാഗങ്ങളെ ബില്ലിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കും. മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള അ‍ഞ്ചം​ഗ സമിതിയാണ് കരട് ബിൽ തയാറാക്കിയത്. തെരഞ്ഞെടുപ്പിന് മുൻപ് ഉത്തരാഖണ്ഡ് ഉൾപ്പടെ 3 സംസ്ഥാനങ്ങളിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണ് ബിജെപി നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here