ബെംഗളൂരു: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് 393 കോടി രൂപ അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലെ ക്രൈസ്തവ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 200 കോടി രൂപയാണ് ബജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വഖഫ് വസ്തുക്കളുടെ സംരക്ഷണത്തിനായി 100 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന വഖഫ് സ്മാരകങ്ങളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് ബജറ്റ് സമ്മേളനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
10 കോടി രൂപ മംഗളൂരുവിലെ ഹജ്ജ് ഭവന് സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. 100 മൗലാന ആസാദ് സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കി. ഇതിനുപുറമെ ജൈന വിഭാഗക്കാരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി 50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ബുദ്ധ സമുദായത്തിന്റെ പുണ്യ വേദങ്ങളായ ത്രിപ്തികകള്‍ കന്നഡ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനായുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.
കൂടാതെ സിഖ്ലിഗര്‍ സമുദായ അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബിദാറിലെ ശ്രീ നാനാക് ജിറ സാഹേബ് ഗുരുദ്വാരയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയും കര്‍ണാടക സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്.
വെള്ളിയാഴ്ച സംസ്ഥാനത്ത് ഉടനീളമുള്ള ബിസിനസുകളുടെയും സ്ഥാപനങ്ങളുടെയും സൈന്‍ ബോര്‍ഡുകളില്‍ 60 ശതമാനം കന്നഡ ഭാഷയുടെ ഉപയോഗത്തെ നിര്‍ബന്ധമാക്കുന്ന ബില്‍ കര്‍ണാടക സര്‍ക്കാര്‍ പാസാക്കിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
2022ലെ നിയമം ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്ന കന്നഡ ഭാഷാ സമഗ്ര വികസന (ഭേദഗതി) ബില്‍ അംഗീകരിക്കുന്നതിനായി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് അയക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
പുതിയ ലൈസന്‍സുകള്‍ നല്‍കുമ്പോഴും നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കുമ്പോഴും സ്ഥാപനങ്ങള്‍ അവരുടെ ബോര്‍ഡുകളില്‍ കന്നഡ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ ആദ്യം ഉറപ്പ് വരുത്തും, തംഗദഗി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ, വ്യാവസായിക, ബിസിനസ് സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, കൗണ്‍സിലിങ് സെന്ററുകള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍, അമ്യൂസ്‌മെന്റ് സെന്ററുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം ഈ നിയമത്തിന് വിധേയമായിരിക്കും.