മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ട; പ്രതിസന്ധികളെ അതിജീവിക്കും: കാന്തപുരം

0
194

കോഴിക്കോട്: രാജ്യത്ത് പള്ളികൾ കുത്തി നോക്കി അതിൽ ബിംബങ്ങൾ ഉണ്ടോ ബിംബങ്ങളുടെ അടുത്ത് കൂടിപ്പോയവരുടെ കാറ്റുണ്ടോ എന്ന് നോക്കി പൊളിക്കുകയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇതിൽ വികാരംകൊണ്ട് ഇവിടെ മുസ്‌ലിംകൾ കലാപമുണ്ടാക്കുമെന്ന് ആരും കരുതേണ്ട. ഞങ്ങൾ അങ്ങേയറ്റം ക്ഷമയുള്ളവരാണെന്നാണ് പ്രധാനമന്ത്രിയോടും മറ്റ് മന്ത്രിമാരോടും പറയാനുള്ളതെന്നും കാന്തപുരം പറഞ്ഞു. കാരന്തൂർ മർകസ് വാർഷിക സനദ്ദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിക്രമിച്ചു കയ്യേറിയ സ്ഥലത്ത് നടത്തുന്ന ആരാധന ഇസ്‌ലാമിൽ സ്വീകാര്യമല്ല. അങ്ങേയറ്റം സൂക്ഷ്മത പാലിച്ചുകൊണ്ടാണ് ഏതൊരു കാലത്തും മുസ്ലിംകൾ ആരാധാനാലയങ്ങൾ പണിതത്. ആരാധന സ്വീകരിക്കപ്പെടണമെങ്കിൽ അത് നിർവഹിക്കപ്പെടുന്ന സ്ഥലം എല്ലാതരം അനീതികളിൽനിന്നും മോചിക്കപ്പെട്ടതാകണം. നിബന്ധന പാലിച്ചുകൊണ്ടാണ് എക്കാലത്തും മുസ്‌ലിംകൾ ആരാധനാലയങ്ങൾ പണിതത്. അവ ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം മുസ്‌ലിംകളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും. കഅബയുടെയും അഖ്‌സാ പള്ളിയുടെയും ചരിത്രം അതാണെന്നും കാന്തപുരം പറഞ്ഞു.

മുസ്‌ലിംകളോടൊപ്പം നിന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യപിക്കുന്നുവെന്നും കാന്തപുരം വ്യക്തമാക്കി. മുസ്ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെ. മുസ്ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നിൽക്കാൻ ഈ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്ലിംകൾ. ഇപ്പോഴത്തെ പ്രതിസന്ധികളെയും അങ്ങനെത്തന്നെ അതിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here