അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സും ഇനി ഓണ്‍ലൈനില്‍

0
194

അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് ലഘൂകരിക്കുന്നു. ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്ന രീതിയിലാണ് പരിഷ്‌കരിക്കുന്നത്. കാലാവധി തീരാത്ത പാസ്‌പോര്‍ട്ടുള്ളവര്‍ക്കേ അപേക്ഷിക്കാനാകൂ.

ഇന്ത്യന്‍ പൗരത്വം തെളിക്കുന്ന രേഖയും നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സും പാസ്‌പോര്‍ട്ടും ഓണ്‍ലൈനായി അപ്​ലോഡ് ചെയ്താല്‍മതി. ഫീസും ഓണ്‍ലൈനായി അയക്കാം. സാരഥി വെബ്സൈറ്റ് വഴി, ലൈസന്‍സ് നല്‍കിയിട്ടുള്ള രജിസ്റ്ററിങ് അതോറിറ്റിയുടെ പരിധിയിലുള്ള ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.

പാസ്‌പോര്‍ട്ടിലെയും ഡ്രൈവിങ് ലൈസന്‍സിലെയും പേര്, അച്ഛന്റെ പേര്, ജനനത്തീയതി എന്നിവ ഒരുപോലെയാണെങ്കില്‍ ലൈസന്‍സ് അനുവദിക്കും. പാസ്‌പോര്‍ട്ടിലും ലൈസന്‍സിലും മേല്‍വിലാസം ഒന്നാകണമെന്ന നിര്‍ബന്ധമില്ലെന്നതും ഗുണകരമാണ്.

ലൈസന്‍സ് പെര്‍മിറ്റിനായുള്ള അഭിമുഖത്തിന് നേരിട്ട് ആര്‍.ടി. ഓഫീസില്‍ ഹാജരാകാന്‍ അപേക്ഷകനോട് ആവശ്യപ്പെടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഇതോടെ, വിദേശത്തുള്ളവര്‍ക്കും ഓഫീസില്‍വരാതെ തന്നെ ലൈസന്‍സിന് അപേക്ഷിക്കാനാകും.

ഇത്തരക്കാര്‍ അന്താരാഷ്ട്ര ലൈസന്‍സിന് അപേക്ഷിക്കുന്നതിനൊപ്പം സംസ്ഥാനത്തുള്ള നോമിനിയുടെ വിവരവും മേല്‍വിലാസവും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷകന്റെ സത്യവാങ്മൂലവും അപ്ലോഡ് ചെയ്യണം. അന്താരാഷ്ട്ര ലൈസന്‍സ് ഇവര്‍ക്ക് അയച്ചുനല്‍കും. സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്ന സര്‍ക്കാര്‍നയത്തിന്റെ ഭാഗമായാണ് നടപടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here