ഷിംല : ഹിമാചൽ പ്രദേശിയിൽ രാഷ്ട്രീയ നാടകങ്ങൾ. കോൺഗ്രസിന്റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച ബിജെപിക്ക് തിരിച്ചടി. 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്പെന്‍റ് ചെയ്തത്. നിയസഭയില്‍ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. ആകെ 25 എംഎല്‍എമാരാണ് ഹിമാചല്‍പ്രദേശില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്പെന്‍റ് ചെയ്തതോടെ അംഗ സംഖ്യ 10 ആയി.
കോൺഗ്രസിനും തിരിച്ചടി
രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ആറ് എംഎൽഎമാർ കൂറുമാറി മറുകണ്ടം ചാടിയതോടെ ബിജെപി സർക്കാരുണ്ടാക്കാൻ നീക്കം തുടങ്ങിയതിന് പിന്നാലെ കോൺഗ്രസിന് തിരിച്ചടി നൽകിക്കൊണ്ട് ഒരു മന്ത്രിയും രാജിവെച്ചു. വിക്രമാദിത്യ സിങ് ആണ് മന്ത്രി സ്ഥാനം രാജി വെച്ചത്. മുഖ്യമന്ത്രി പദത്തിനായുളള ചരട് വലിയുടെ ഭാഗമാണ് വിക്രമാദിത്യ സിങിന്റെ രാജിയെന്നാണ് വിലയിരുത്തൽ. സുഖു സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് മുൻമുഖ്യമന്ത്രി വീരഭദ്രസിങിന്‍റെ മകൻ വിക്രമാദിത്യ സിങ്.
സുഖ്‍വീന്ദർ സിങ് സുഖു സർക്കാരിന് അധികാരത്തില്‍ തുടരാൻ അവകാശം ഇല്ലെന്ന് തുറന്നടിച്ചുകൊണ്ടാണ് വിക്രമാദിത്യ സിങിന്റെ രാജി. എംഎല്‍എമാരെ കേള്‍ക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ലെന്ന് വിക്രമാദിത്യ സിങ് കുറ്റപ്പെടുത്തി.’വീരഭദ്ര സിങിന്‍റെ സ്മരണയിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിന് മുന്‍പ് വീരഭദ്ര സിങിന്‍റെ ചിത്രം വച്ച് പത്ര പരസ്യം പാര്‍ട്ടി നല്‍കി. കഴിഞ്ഞ ഒരു വർഷം സുഖു സർക്കാരിന്‍റെ പ്രവർത്തനങ്ങളില്‍ വലിയ വീഴ്ചകള്‍ ഉണ്ടായി. അതിന്‍റെ പര്യവസാനമാണ് ഇന്നലെ സംഭവിച്ചതെന്നും’ വിക്രമാദിത്യ സിങ് പ്രതികരിച്ചു.
പാർട്ടിക്കും എൽഎമാർക്കിടയിലും എതിർപ്പുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖുവിനെ മാറ്റുന്നതില്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ട്. എംഎല്‍എമാരില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുളള സാഹചര്യത്തിലാണ് നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള മാറ്റം തിരിച്ചടിയാകുമോയെന്നതും കണക്കിലെടുക്കുന്നുണ്ട്. കൂടുതൽ എതിർപ്പുയർന്ന സാഹചര്യത്തിൽ നേതൃമാറ്റമുണ്ടായേക്കും.
അതേ സമയം, ഹിമാചലിൽ മുതിർന്ന നേതാക്കളെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. കേസുകൾ കാട്ടി സമ്മർദ്ദം ചെലുത്തി പ്രതിസന്ധിയിലാക്കുന്നു. ഇതിന്റെ ഭാഗമാണ് രാഷ്ട്രീയ നീക്കങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. ഷിംലയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം പുരോഗമിക്കുകയാണ്. ഭൂപേഷ് ഭാഗേലും,രാജീവ് ശുക്ലയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറിയവർക്കെതിരെ നടപടിയെക്കാനാണ് തീരുമാനം. 6 എംഎൽഎമാരെയും അയോഗ്യരാക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. ഇതിന് എഐസിസിയും അനുവാദം നൽകി.
വിമതർ ഷിംലയിലേക്ക്
ഹിമാചല്‍ പ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരും സ്വതന്ത്രരരും ഷിംലയിലേക്ക് പുറപ്പെട്ടു. 6 കോൺഗ്രസ് എംഎൽഎമാരും രണ്ട് സ്വതന്ത്രരും ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് മാറിയിരിക്കുകയായിരുന്നു. ഹെലികോപ്ടർമാർഗമാണ് ഹരിയാനയില്‍ നിന്നും സംഘം ഷിംലയിലേക്ക് വരുന്നത്.