രാജ്യത്ത് മൊബൈൽ ഫോണുകൾക്ക് വില കുറയും; ഇതാണ് കാരണം..

0
177

മൊബൈൽ ഫോണുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചില പ്രധാന പാർട്‌സുകളുടെ ഇറക്കുമതി തീരുവ 15-ൽ നിന്ന് 10 ശതമാനമായി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ബാറ്ററി എൻക്ലോസറുകൾ, പ്രൈമറി ലെൻസുകൾ, ബാക് കവറുകൾ, സിം സോക്കറ്റ് തുടങ്ങി പ്ലാസ്റ്റിക്, മെറ്റൽ എന്നിവയുടെ കോമ്പിനേഷനിൽ നിർമ്മിച്ച വിവിധ മെക്കാനിക്കൽ ഘടകങ്ങളുടെ ഇംപോർട്ട് ഡ്യൂട്ടിയാണ് കുറച്ചതെന്ന് ജനുവരി 30-ന് പുറത്തുവന്ന സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. എന്തായാലും ഈ നീക്കം ഉൽപ്പാദനത്തിലും കയറ്റുമതിയിലും സ്മാർട്ട്ഫോൺ മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ രാജ്യത്ത് ഫോണുകളുടെ വിലയും കുറഞ്ഞേക്കും.

ഈ മാസം തുടക്കത്തിൽ, രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, പ്രീമിയം ഫോണുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ തീരുമാനം ആപ്പിൾ പോലുള്ള കമ്പനികളെ സഹായിക്കുമെന്നും മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള ഇന്ത്യയുടെ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ സ്‌മാർട്ട്‌ഫോണുകളുടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും ചൈന, വിയറ്റ്‌നാം തുടങ്ങിയ അയൽരാജ്യങ്ങൾക്കെതിരെ കൂടുതൽ മത്സരാധിഷ്‌ഠിത അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനും ഏകദേശം 12 ഘടകങ്ങളുടെ തീരുവ വെട്ടിക്കുറയ്ക്കണമെന്ന് സ്മാർട്ട്ഫോൺ രംഗത്തെ കമ്പനികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട് പരാമർശിക്കുന്നു.

അതേസമയം, സ്മാർട്ട്ഫോൺ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെതിരെ ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) രംഗത്തുവന്നിരുന്നു. നിലവിലെ താരിഫ് ഘടനയിൽ മാറ്റം വരുത്തുന്നത് പ്രാദേശിക ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. നിലവിലെ നിരക്കുകൾ നിലനിർത്തുന്നത് വ്യവസായ വളർച്ചയെ സന്തുലിതമാക്കുന്നതിനും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട്‌ഫോൺ വിപണിയിൽ ദീർഘകാല വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഗുണം ചെയ്യുമെന്ന് ജിടിആർഐ അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ട്‌ഫോണുകൾക്ക് ഇന്ത്യൻ നിർമ്മാതാക്കൾ തീരുവ “അടയ്ക്കണം”, എന്നാൽ കയറ്റുമതിയെ അത്തരം തീരുവകളിൽ നിന്ന് ഒഴിവാക്കണമെന്നും തിങ്ക് ടാങ്ക് കൂട്ടിച്ചേർത്തു.

അതേസമയം, ഹാൻഡ്‌സെറ്റുകളുടെ ആഭ്യന്തര ഉൽപ്പാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിനും തദ്ദേശീയ ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനുമായി മൊബൈൽ ഫോൺ ഘടകങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here