വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു; വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിച്ചു

0
233

ദില്ലി: ആന്ധ്രാ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കമായി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ശര്‍മ്മിളയെ സ്വീകരിച്ചു. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശര്‍മ്മിള പറഞ്ഞു.

ശര്‍മ്മിളയും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയും ഇനി മുതല്‍ കോണ്‍ഗ്രസില്‍. എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് ശര്‍മ്മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. അങ്ങനെ വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണശേഷം സഹോദരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്കൊപ്പം കോണ്‍ഗ്രസ് വിട്ട ശര്‍മ്മിള രണ്ട് പതിറ്റാണ്ടിന് ശേഷം തിരികെയെത്തി. ജനറല്‍ സെക്രട്ടറി സ്ഥാനമോ ആന്ധ്ര പിസിസി അധ്യക്ഷ പദമോ ശര്‍മ്മിളയ്ക്ക് നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. പദവി എന്തായാലും കോൺഗ്രസിലെത്തിയത് വലിയ സന്തോഷം നല്‍കുന്ന കാര്യമെന്ന് ശര്‍മ്മിള.

സഹോദരന്‍ ജഗന്‍മോഹന്‍ റെഡ്ഡിയോട് തെറ്റി ആന്ധ്രയില്‍ നിന്ന് തെലങ്കാനയിലേക്ക് മാർ റിയ ശര്‍മ്മിള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുണ്ടാക്കി അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയയാിരുന്നു. മോദിയുടെ ക്ഷണം ബിജെപിയിലേക്ക് കിട്ടിയെങ്കിലും, കോണ്‍ഗ്രസാണ് ശര്‍മ്മിള തെരഞ്ഞെടുത്തത്. കഴിഞ്ഞ തെലങ്കാന തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തില്‍ തന്‍റെയും പാര്‍ട്ടിയുടെയും പങ്കുണ്ടെന്ന ശര്‍മ്മിള അവകാശപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ഭാഗമായി തെലങ്കാനയില്‍ തുടരനായിരുന്നു തീരുമാനമെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം ആന്ധ്രയിലക്ക് മാറുകയാണ്. ആന്ധ്രയില്‍ നഷ്ടപ്പെട്ട പ്രതാപം ശര്‍മ്മിളയിലൂടെ വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്ര തെരഞ്ഞെടുപ്പ് അതുകൊണ്ട് ശര്‍മ്മിളക്ക് നിര്‍ണ്ണായകമാണ്. അമ്മ വിജയമ്മയും കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും തല്‍ക്കാലം വൈഎസ്ആര്‍ കോൺഗ്രസ് പാര്‍ട്ടിയില്‍ തുടരനാണ് തീരുമാനം. മക്കള്‍ നേര്‍ക്ക് നേര്‍ മത്സരിക്കരുതെന്നതടക്കം നിര്‍ദ്ദേശങ്ങള്‍ വിജയമ്മ മുമ്പോട്ട് വെച്ചതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here