‘ആഡംബര കല്യാണങ്ങള്‍ക്ക് നികുതി ചുമത്തണം, സമ്മാനങ്ങള്‍ക്ക് പരിധി നിശ്ചയിക്കണം’ ; സര്‍ക്കാരിന് വനിതാകമ്മിഷന്‍ ശുപാര്‍ശ

0
240

തിരുവനന്തപുരം: ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്താൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി. വിവാഹങ്ങൾക്ക് നൽകുന്ന പാരിദോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും സതീദേവി പറഞ്ഞു. കൊല്ലം ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

‘സ്ത്രീധന പീഡന കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. അയൽവീട്ടിലേതിനേക്കാൾ കൂടുതൽ സ്വർണം സ്ത്രീധനം നൽകണമെന്നും കൂടുതൽ പേരെ ക്ഷണിക്കണമെന്നുമാണ് ആളുകളുടെ ചിന്ത. പെൺകുട്ടികളെ ബാദ്ധ്യതയായാണ് സമൂഹം കാണുന്നത്. ഞാനവളെ കെട്ടിച്ചു വിട്ടു, ഇത്രപവൻ നൽകി ഇറക്കി വിട്ടു എന്ന രീതിയിലാണ് വിവാഹം സംബന്ധിച്ച് മാതാപിതാക്കളുടെ സംസാരം. ഈ പശ്ചാത്തലം കണക്കിലെടുത്ത് പാരിതോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്നും സംസ്ഥാന സർക്കാരിന് വനിതാ കമ്മിഷൻ ശുപാർശ നൽകും.

സ്ത്രീധനത്തെ നിയമം കൊണ്ടു മാത്രം നിരോധിക്കാൻ സാധിക്കില്ല. ഈ സാമൂഹിക വിപത്തിനെതിരേ നാം ഓരോരുത്തരും തീരുമാനം എടുക്കണം. ആഡംബര വിവാഹം നടത്തിയ ശേഷം ഭാര്യാ, ഭർത്താക്കന്മാർ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ അഡ്‌ജസ്റ്റ് ചെയ്ത് ജീവിക്കണമെന്നാണ് ഉപദേശിക്കുന്നത്. മർദ്ദനം ഉൾപ്പെടെ പീഡനം സഹിച്ച് ജീവിക്കണമെന്ന കാഴ്ചപ്പാട് മൂലം പെൺകുട്ടികളുടെ ജീവിതം താറുമാറാകും. അഡ്‌ജസ്റ്റ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ പെൺകുട്ടികൾ ആത്മഹത്യയിലേക്ക് വഴിമാറുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ജീവിതം സംബന്ധിച്ച് പെൺകുട്ടികളുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. കൂടുതൽ മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ ചിന്താഗതിയിലാണ്. വീടുകളുടെ അകത്തളങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരണം. പെൺകുട്ടികൾക്ക് അഭിപ്രായങ്ങൾ പറയുന്നതിന് അവസരം നൽകണം. സ്ത്രീകൾക്ക് അവരിൽ അന്തർലീനമായ കഴിവുകൾ സ്വയം തിരിച്ചറിയാൻ സാധിക്കണം’- സതീദേവി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here