മലയാളികളുടെ ഉള്‍പ്പെടെ ഇഷ്ട വിഭവമായ ബട്ടര്‍ ചിക്കനും ഉത്തരേന്ത്യന്‍ തീന്‍മേശയിലെ രുചിയേറും വിഭവമായ ദാല്‍ മഖാനിയും ആരാണ് ആദ്യം കണ്ടുപിടിച്ചതെന്ന തര്‍ക്കം ഡല്‍ഹി ഹൈക്കോടതിയില്‍. ഡൽഹിയിലെ പ്രമുഖ റസ്റ്ററന്റുകളായ മോത്തി മഹലും ദര്യഗഞ്ചും തമ്മിലുള്ള തര്‍ക്കമാണ് കോടതിയിലെത്തിയത്. ഇക്കാര്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും, വിഷയം ഡല്‍ഹി ഹൈക്കോടതിയിലെത്തിയതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറയുന്നത്.
ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും ആദ്യമുണ്ടാക്കിയവര്‍ തങ്ങളാണെന്ന ടാഗ് ലൈന്‍ ദര്യഗഞ്ച് വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ ഉപയോഗിച്ചതാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്. ദര്യഗഞ്ചിന്റെ ഈ അവകാശവാദത്തിനെതിരേ മോത്തി മഹല്‍ കോടതിയെ സമീപിക്കുകയായിരുന്നു. അവകാശം വ്യക്തമാക്കുന്ന തെളിവുകളോ മറ്റ് രേഖകളോ ഹാജരാക്കാന്‍ ജസ്റ്റിസ് സഞ്ജീവ് നരൂലയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ദര്യഗഞ്ച് റസ്റ്ററന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 29ന് കോടതി കേസ് വീണ്ടും പരിഗണിക്കും.