‘ഇനി പെൺകുഞ്ഞ് വേണം’, പക്ഷേ മൂന്നാം പ്രസവത്തിലും ആൺകുട്ടി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്

0
171

ഭോപാൽ: മദ്യലഹരിയില്‍ നവജാത ശിശുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ബിത്തുൾ ജില്ലയിലെ ബജ്ജർവാഡ് ഗ്രാമത്തിലാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതിയായ അനിൽ ഉയ്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ഇയാൾ, വീണ്ടും ആൺകുഞ്ഞ് പിറന്നതോടെയാണ് ക്രൂര കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അനിൽ ഉയ്കിനും ഭാര്യക്കും രണ്ട് ആൺമക്കളാണ് ഉണ്ടായിരുന്നത്. ഭാര്യ വീണ്ടും ഗർഭിണി ആയതോടെ ഇനി പെൺകുഞ്ഞ് ആകുമെന്ന് അനിൽ ഉയ്ക് പ്രതീക്ഷിച്ചു. പെൺകുഞ്ഞായിരിക്കും ജനിക്കുകയെന്ന് ഇയാൾ എല്ലാവരോടും പ്രതീക്ഷയും പങ്കുവെച്ചിരുന്നു. എന്നാൽ 12 ദിവസം മുമ്പ് ഇയാളുടെ ഭാര്യ മൂന്നാമത്തെ കുട്ടിയെ പ്രസിവിച്ചു. വീണ്ടും ആൺകുട്ടി പിറന്നതോടെ ഇയാൾ നിരാശയിലായിരുന്നുവെന്നും   പെൺകുട്ടിയെ പ്രതീക്ഷിച്ചിരുന്ന ദമ്പതികൾക്ക് ആൺകുട്ടി ജനിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.

വീണ്ടും ആൺകുട്ടി പിറന്നതോടെ ഇയാൾ കനത്ത നിരാശയിലായിരുന്നു. ഇതോടെ മദ്യപാനവും തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ പ്രതി ആദ്യം ഭാര്യയെ ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയില്‍നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങി. അനിലിന്റെ മര്‍ദനം ഭയന്ന് ഭാര്യ വീട്ടില്‍നിന്ന് ഇറങ്ങിയോടി. പിന്നീട് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

മകൻ മരിച്ച് കിടക്കുന്നത് കണ്ട് അലറിക്കരഞ്ഞ് യുവതി ബഹളം വെച്ചു. ഇതോടെ പ്രദേശത്തുള്ളവർ ഓടിയെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മദ്യലഹരിയിലായിരുന്ന അനിലിനെ അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും  സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here