ചീഫ് ജസ്റ്റിന് മുന്നിൽ രണ്ട് കുപ്പി വിസ്കി, പൊട്ടിച്ചിരിച്ച് ജഡ്ജി; സുപ്രീംകോടതിയിൽ നടന്നതിങ്ങനെ…..

0
147

ദില്ലി: സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചിന് മുന്നിൽ മൂന്ന് മദ്യക്കുപ്പികൾ തെളിവായി ഹാജരാക്കി മദ്യക്കമ്പനിയുടെ അഭിഭാഷകന്‍. ട്രേഡ്മാർക്ക് ലംഘനക്കേസുമായി വാദം നടക്കുന്നതിനിടെയാണ് രണ്ട് വിസ്കി കുപ്പികൾ ഹാജരാക്കിയത്. ചീഫ് ജസ്റ്റിസ് തലവനായ മൂന്നം​ഗ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. ലണ്ടൻ പ്രൈഡ് എന്ന പേരിൽ ഇൻഡോർ ആസ്ഥാനമായുള്ള ജെകെ എന്റർപ്രൈസസ് എന്ന കമ്പനി മദ്യം നിർമിക്കുന്നത് തടയണമെന്ന മദ്യക്കമ്പനി പെർനോഡ് റിക്കാർഡിന്റെ ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

വാദം ആരംഭിച്ചയുടൻ, കോടതിക്കുള്ളിൽ മദ്യക്കുപ്പികൾ കൊണ്ടുവരാൻ അനുവദിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ബെഞ്ചിനോട് അഭ്യർത്ഥിച്ചു. തുടർന്ന് മുതിർന്ന അഭിഭാഷകൻ രണ്ട് മദ്യക്കുപ്പികൾ മേശപ്പുറത്ത് വെച്ചു. അസാധാരണ കാഴ്ച്ച കണ്ട് ചീഫ് ജസ്റ്റിസ് പൊട്ടിച്ചിരിക്കുകയും നിങ്ങൾ കുപ്പികൾ കൊണ്ടുവന്നോ എന്ന് ചോദിക്കുകയും ചെയ്തു. രണ്ട് കുപ്പികളും തമ്മിലുള്ള സമാനത ബോധ്യപ്പെടുത്താനാണ് കുപ്പികൾ കൊണ്ടുവന്നതെന്ന് മുകുൾ റോത്തഗി പറഞ്ഞു. എങ്ങനെയാണ് ഈ കേസിൽ ട്രേഡ് മാർക്ക് ലംഘനമുണ്ടായതെന്നും അദ്ദേഹം കോടതിക്ക് മുമ്പാകെ വിശദീകരിച്ചു.

ഇവിടെ ട്രേഡ് ഡ്രസിങ് (ഉൽപ്പന്നങ്ങൾ ഓരോ ബ്രാൻഡും പാക്ക് ചെയ്യുന്ന വിധം) പ്രശ്നമാണ് കാണുന്നത്. ബോംബെ ഹൈക്കോടതിയിലെ എന്റെ ഒരു വിധിന്യായത്തിൽ കുപ്പിയുടെ ആകൃതി കേസുമായി ഉൾപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടർന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേൾക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ, കുപ്പികൾ കൊണ്ടുപോകാമോയെന്ന് റോത്തഗി ചീഫ് ജസ്റ്റിസിനോട് ചോദിച്ചു. ജസ്റ്റിസ് ചിരിച്ചുകൊണ്ട് അനുമതി നൽകുകയും ചെയ്തു.

ലണ്ടൻ പ്രൈഡ്’ മുദ്രയ്ക്ക് കീഴിൽ ഇൻഡോർ ആസ്ഥാനമായുള്ള ജെകെ എന്റർപ്രൈസസ് ലഹരിപാനീയങ്ങൾ നിർമ്മിക്കുന്നത് തടയണമെന്ന് മദ്യക്കമ്പനിയായ പെർനോഡ് റിക്കാർഡിന്റെ അപ്പീൽ കഴിഞ്ഞ വർഷം നവംബറിൽ മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. ‘ബ്ലെൻഡേഴ്‌സ് പ്രൈഡ്’ എന്ന വ്യാപാരമുദ്രയും ‘ഇംപീരിയൽ ബ്ലൂ’ കുപ്പിയുടെ രൂപഘടനയും ലംഘിച്ചുവെന്നും ജെകെ എന്റർപ്രൈസസിനെതിരെ താൽക്കാലിക നിരോധനം ഏർപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ജെകെ എന്റർപ്രൈസസ് ‘ലണ്ടൻ പ്രൈഡ്’ എന്ന ചിഹ്നം ഉപയോഗിച്ചെന്നും മദ്യക്കമ്പനി ആരോപിച്ചിരുന്നു. ഉപഭോക്താക്കൾ വിദ്യാസമ്പന്നരും വിവേചനാധികാരമുള്ളവരുമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി അപ്പീൽ തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here