ഒരു കമ്പനിയില്‍ ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടുതല്‍ പാടില്ലെന്ന് അറിയിച്ച് നിരസിച്ചിരുന്ന വിസ അപേക്ഷകള്‍ യുഎഇ സ്വീകരിച്ചു തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകള്‍ വീണ്ടും സ്വീകരിച്ചു തുടങ്ങിയതായി കമ്പനികള്‍ അറിയിച്ചു.
ജീവനക്കാരെ നിയമിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്ന സന്ദേശമാണ് വിസ അപേക്ഷകള്‍ നിരസിക്കുമ്പോള്‍ മറുപടിയായി ലഭിച്ചിരുന്നത്. ഈ മാസം 19ന് പ്രാബല്യത്തില്‍ വന്ന നിയമ പ്രകാരമാണിത്. ഒരു കമ്പനിയില്‍ ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും 20 ശതമാനം മാറ്റ് രാജ്യക്കാരെ നിയമിക്കണമെന്നുമായിരുന്നു വ്യവസ്ഥ. കൂടാതെ, പുതുതായി നിയമിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍ വിദേശ രാജ്യത്തു നിന്നുമായിരിക്കണം.തൊഴിലാളി അനുപാതത്തില്‍ ഇളവ് നല്‍കിയോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും വിസ അപേക്ഷകള്‍ ഇന്നലെ മുതല്‍ സ്വീകരിച്ചു തുടങ്ങിയാതായി കമ്പനികള്‍ വ്യക്തമാക്കി.
ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ ഒരു കമ്പനിയില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ അത്തരം കമ്പനികള്‍ക്ക് ആ രാജ്യത്തു നിന്ന് തന്നെ വീണ്ടും വിസ അനുവദിക്കുന്നത് നിയന്ത്രിച്ചതായി യുഎഇ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം വിസ അപേക്ഷകള്‍ നിരസിച്ചുകൊണ്ടുള്ള പോപ് അപ് സന്ദേശങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തടസമില്ലാതെ വിസ പാസാകുന്നുണ്ട്.
തൊഴിലിടങ്ങളിലെ വൈവിധ്യം വളര്‍ത്തിയെടുക്കുന്നതിനാണ് ആകെ തൊഴിലാളികളില്‍ 20 ശതമാനമെങ്കിലും വിവിധ രാജ്യക്കാര്‍ ആവണമെന്ന നിയമം യുഎഇ മാനവ വിഭവശേഷി മന്ത്രാലയം കൊണ്ടുവന്നത്. 20 ശതമാനം വൈവിധ്യം കൈവരിച്ചാല്‍ തുടര്‍ന്നുള്ള 80 ശതമാനം വിസകളില്‍ കമ്പനികള്‍ക്ക് ഏത് രാജ്യത്തുനിന്നും റിക്രൂട്ട്‌മെന്റ് നടത്താമെന്നായിരുന്നു വ്യവസ്ഥ. എല്ലാ രാജ്യക്കാര്‍ക്കും ഈ നിയമം ബാധകമായിരുന്നു.
പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ ലഭിക്കാനാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നതെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും നടന്നിരുന്നു. എന്നാല്‍ നിയന്ത്രണം എല്ലാ രാജ്യക്കാര്‍ക്കും ബാധകമാണെന്നും ഒരു രാജ്യക്കാര്‍ മാത്രമായി ഒരു സ്ഥാപനത്തില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനാണ് ഈ നിബന്ധനയെന്നും പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഫ്രീസോണ്‍ കമ്പനികള്‍, വീട്ടുജോലിക്കാര്‍, നിക്ഷേപകര്‍, പങ്കാളി വിസ എന്നിവ ഒഴികെയുള്ള വിസകള്‍ക്ക് അപേക്ഷിക്കുമ്പോഴാണ് ജനസംഖ്യാപരമായ വൈവിധ്യം ബാധകമായിരുന്നത്.