പൂട്ട് പൊളിച്ച് കടയിൽ കയറി, ‘മിഷൻ ഡയറി മിൽക്ക്’ പൂർത്തിയാക്കി മടങ്ങി,’ചോക്ലേറ്റ് ബോയ്സിനെ’പിടിക്കാൻ പൊലീസ്

0
137

കാസര്‍കോട്:പൂട്ട് പൊളിച്ച് കാഞ്ഞങ്ങാട്ടെ കടയില്‍ കയറിയ കള്ളന്മാര്‍ കൊണ്ട് പോയത് അര ലക്ഷത്തോളം രൂപയുടെ ചോക്ലേറ്റ്. 20 വയസിന് താഴെയുള്ള മൂന്ന് യുവാക്കളുടെ മോഷണ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞു.കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ മൊണാര്‍ക് എന്‍‍റര്‍പ്രൈസസിലാണ് ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് കള്ളന്മാര്‍ അകത്ത് കയറിയത്. 42,430 രൂപയുടെ ചോക്ലേറ്റും മേശയിലുണ്ടായിരുന്ന 1680 രൂപയും മോഷ്ടിച്ചു. പുലര്‍ച്ചെയാണ് അബ്ദുല് ഖയ്യൂമിന്‍റെ ഉടമസ്ഥതയിലുള്ള കടയിലാണ് കള്ളന്മാര്‍ കയറിയത്.ബേക്കറി പലഹാരങ്ങള്‍ അടക്കം കടയില്‍ ഉണ്ടായിട്ടും ചോക്ലേറ്റ് മാത്രം തെരഞ്ഞെടുത്ത് കൊണ്ടുപോവുകയായിരുന്നു. ചോക്ലേറ്റുകളും മറ്റു ബേക്കറി സാധനങ്ങളും ബിസ്ക്കറ്റുകളും ഉള്‍പ്പെടെ ഹോള്‍സെയിലായി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.

ഡയറി മില്‍ക്ക് സില്‍ക്ക് ഉള്‍പ്പെടെയുള്ള വിലകൂടിയ ചോക്ലേറ്റുകളാണ് മോഷ്ടിച്ചത്. കാര്‍ഡ് ബോര്‍ഡ് ബോക്സുകള്‍ പൊളിച്ചശേഷമാണ് ചോക്ലേറ്റുകള്‍ ഒന്നാകെ എടുത്തുകൊണ്ടുപോയത്.മോഷണ ദൃശ്യങ്ങള്‍ സമീപത്തുള്ള തുണിക്കടയിലെ സിസിടിവിയിലാണ് പതിഞ്ഞത്. 20 വയസിന് താഴെ പ്രായമുള്ള മൂന്ന് പേരാണ് മോഷണത്തിന് പിന്നില്‍. നീല ജീന്‍സും ഇളം നിറത്തിലുള്ള ഷർട്ടും ധരിച്ച യുവാവ് റോഡില്‍ നിന്ന് നിരീക്ഷിക്കുന്നതും മറ്റ് രണ്ട് പേര്‍ ഷട്ടറിന്‍റെ പൂട്ട് തകര്‍ക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സമീപത്തെ ട്രാന്‍സ്ഫോര്‍മറിന്‍റെ മറവ് ഉള്ളതിനാല്‍ പൂട്ട് തകര‍്ക്കുന്നവരുടെ മുഖം വ്യക്തമായിട്ടില്ല. മുഖം മറയ്ക്കാതെ കവര്‍ച്ചക്കെത്തിയ ‘ചോക്ലേറ്റ്’ പയ്യന്മാരെ പിടിക്കാനുള്ള ശ്രമത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ്. മറ്റ് സ്ഥലങ്ങളിലെ സിസിടിവികളില്‍ നിന്ന് ഇവരുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here