ഇന്ത്യയില്‍ കിട്ടുന്ന അരിയും ഗോതമ്പും നല്ലതല്ല!; പുതിയ പഠനവുമായി ഗവേഷകര്‍

0
334

കാര്‍ഷികമേഖലയുടെ വളര്‍ച്ച വലിയൊരു നേട്ടമായാണ് നാം കണക്കാക്കാറ്. പല വറൈറ്റികളിലുള്ള അരിയും ഗോതമ്പും മറ്റ് ധാന്യങ്ങളും വന്നതോടെ നമ്മുടെ ഭക്ഷ്യക്ഷാമം, പട്ടിണി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാൻ സാധിച്ചു. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം കാര്‍ഷികമേഖലയിലെ ഏറ്റവും വലിയ മുന്നേറ്റം ഇതുതന്നെയായിട്ടാണ് കണക്കാക്കപ്പെടുന്നത്. 

നല്ലതുപോലെ വിളയുന്ന തരത്തിലുള്ള ധാന്യങ്ങള്‍ പുതുതായി വികസിപ്പിച്ചെടുത്തത് വഴി പട്ടിണിയോ ക്ഷാമമോ പരിഹരിക്കാൻ നമുക്ക് സാധിക്കും, എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിന് എത്രമാത്രം ഗുണകരമാണ്- അല്ലെങ്കില്‍ ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ ആരോഗ്യത്തിന് ദോഷമാണോ എന്നുള്ള കാര്യങ്ങള്‍ ആരെങ്കിലും അന്വേഷിക്കാറുണ്ടോ? 

ഇപ്പോഴിതാ ‘ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്’ല്‍ (ഐസിഎആര്‍) നിന്നുള്ള ഒരു സംഘം ഗവേഷകരിതാ ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് തങ്ങളുടെ പഠനത്തിന് ശേഷം പുറത്തുവിടുന്നത്. ഇന്ത്യയില്‍ കൂടുതല്‍ വിളവ് തരുന്ന അരി, ഗോതമ്പ് എന്നിവയില്‍ വേണ്ടവിധം പോഷകങ്ങള്‍ ഇല്ല എന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത് മാത്രമല്ല, ഇവയില്‍ ആരോഗ്യത്തിന് തിരിച്ചടിയാകുംവിധത്തിലുള്ള വിഷാംശങ്ങള്‍ കാര്യമായി കണ്ടെത്തുകയും ചെയ്തിരിക്കുന്നു ഗവേഷകര്‍.

വളരെ പ്രധാനപ്പെട്ട, ഏറെ ശ്രദ്ധ നല്‍കേണ്ടുന്നൊരു റിപ്പോര്‍ട്ട് തന്നെയാണിത്. കാരണം നാം ഏറ്റവുമധികം കഴിക്കുന്നത് അരിയാഹാരമോ ഗോതമ്പാഹാരമോ എല്ലാമാണ്. അതിനാല്‍ ഇവ ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്ന വാദമുണ്ടെങ്കില്‍ അത് കൃത്യമായി പരിശോധിക്കപ്പെടുകയും കഴിയാവുന്നത് പോലെ പരിഹരിക്കപ്പെടുകയും വേണമല്ലോ. 

തുടര്‍ച്ചയായി ജനിതകമാറ്റങ്ങള്‍ വരുത്തിയാണ് പല വറൈറ്റി അരികളും ഗോതമ്പും ഇന്ന് കാണുന്നത് പോലെ കൂടുതല്‍ വിളവ് തരുന്ന നിലയിലേക്ക് എത്തിയത്. ഇത്രമാത്രം ജനിതകമാറ്റങ്ങളിലൂടെ കടന്നുപോയതോടെ ധാന്യങ്ങള്‍ക്ക് പോഷകനഷ്ടം സംഭവിച്ചിരിക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ച് സിങ്ക്, അയേണ്‍ എന്നീ പോഷകങ്ങളുടെ നഷ്ടമാണത്രേ ധാന്യങ്ങളില്‍ കാണുന്നത്. ഇവ നഷ്ടമാകുമ്പോള്‍ തന്നെ ധാന്യങ്ങള്‍ കഴിക്കുന്നതിന്‍റെ പ്രസക്തി നഷ്ടപ്പെടുന്നു.

എന്നുമാത്രമല്ല ധാന്യങ്ങളില്‍ കൂടിയ അളവില്‍ ‘ആര്‍സെനിക്’ പോലുള്ള വിഷാംശങ്ങളും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും വേറെ.

ഇന്ത്യക്കാരുടെ പൊതുവിലുള്ള ഭക്ഷണരീതി, പോഷകങ്ങളുടെ അളവ് എന്നിവ പരിശോധിക്കപ്പെടണമെന്നാണ് ഗവേഷകരുടെ ആവശ്യം. ഒപ്പം തന്നെ രാജ്യത്തിനകത്ത് നിന്ന് കണ്ടെത്താൻ കഴിയുന്ന തനത് ധാന്യവിളകളുടെ ഉയര്‍ന്ന തോതിലുള്ള ഉത്പാദനത്തിന് ശ്രദ്ധ നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നു. ഇതിനായി കാര്‍ഷികമേഖലയില്‍ ഗവേഷണം നടത്തുന്ന വിദഗ്ധര്‍ കൂട്ടായ പരിശ്രമം നടത്തിവരികയാണത്രേ ഇപ്പോള്‍. 

LEAVE A REPLY

Please enter your comment!
Please enter your name here