നയപ്രഖ്യാപനം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍; കേരള നിയമസഭാ ചരിത്രത്തിലാദ്യം

0
133

തിരുവനന്തപുരം: നയപ്രഖ്യാപനം ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗം മുഴുവന്‍ വായിക്കാതെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടിറങ്ങിയത്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.

നയപ്രഖ്യാപനത്തിനായി സഭയിലെത്തിയപ്പോഴും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇരുവരും കൈ കൊടുത്തില്ല. പൂച്ചെണ്ട് മാത്രം കൈമാറുകയാണ് ഉണ്ടായത്. മാധ്യമങ്ങളോട് പ്രതികരിക്കാനും ഗവര്‍ണര്‍ തയ്യാറായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ഗവർണർ-സർക്കാർ പോര് അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നതിനിടയിലാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപനം കഴിഞ്ഞ് 29ന് വീണ്ടും സഭ സമ്മേളനം ചേരുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കേരളത്തിലെ കേളികൊട്ടിന് തുടക്കമാകും. പ്രതിപക്ഷത്തിന് മുന്നില്‍ വിഷയങ്ങള്‍ നിരവധി. എക്സാലോജികില്‍ തുടങ്ങി,നവകേരള സദസിനെതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടികള്‍ വരെ നിയമസഭയില് കത്തിപ്പടരും കേന്ദ്രത്തിനെതിരായ സമരത്തില്‍ പ്രതിപക്ഷം വിട്ട് നില്‍ക്കുന്നതായിരിക്കും സർക്കാരിന്‍റെ പിടിവള്ളി. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് വിവാദം ഭരണപക്ഷത്തിനുള്ള ബോണസാണ്. എന്തായാലും മാർച്ച് 27 വരെ നീണ്ട് നില്‍ക്കുന്ന സമ്മേളനം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നണികളുടെ രാഷ്ട്രീയ പ്രചരണത്തിന്‍റെ തുടക്കമാകും. ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റായത് കൊണ്ട് ക്ഷേമപെന്‍ഷന്‍ വർധിപ്പിക്കുന്നത് അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ നേരിടുന്ന വലിയ വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here