‘അയോധ്യ വിധി ഏകകണ്ഠമായി പുറപ്പെടുവിച്ചത്;’ ഉത്തരവിന് പിന്നിലെ വിശദാംശങ്ങൾ വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

0
204

സുപ്രീംകോടതിയുടെ ചരിത്രപരമായ അയോധ്യ വിധി പുറപ്പെടുവിച്ച് നാലുവർഷം പിന്നീടവേ വിധിയിൽ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ചുകൊണ്ടുള്ള വിധി അഞ്ച് ജഡ്ജിമാർ ഏകകണ്ഠമായി എടുത്ത തീരുമാനമെന്നും ഒരാൾക്ക് മാത്രമായി അതിന്റെ കർതൃത്വം നൽകാൻ സാധിക്കില്ലെന്നും ഡി വൈ ചന്ദ്രചൂഡ് തിങ്കളാഴ്ച പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയാണ് സിജെഐ തീരുമാനമെടുക്കൽ പ്രക്രിയയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

വിധി ഏതെങ്കിലും വ്യക്തിയുടെ പേരിൽ ആരോപിക്കുന്നതിന് പകരം കോടതിയുടെ ഏകീകൃത ശബ്ദമായി അവതരിപ്പിക്കാനാണ് ജഡ്ജിമാർ തീരുമാനിച്ചതെന്ന് വിധിപ്രസ്താവം തയാറാക്കിയ ജഡ്ജിയുടെ പേര് പരസ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കി. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിനായിരുന്നു 2019 നവംബർ ഒൻപതിന് വിധി പുറപ്പെടുവിച്ചതിലൂടെ തീർപ്പായത്. രഞ്ജൻ ഗോഗോയ് ആയിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ്.

“ഒരു വിധി പ്രസ്താവിക്കുന്നതിന് മുൻപ് അഞ്ചംഗ ബെഞ്ച് വിധിയെക്കുറിച്ച് ആലോചിക്കാൻ ഇരുന്നപ്പോൾ, ഇത് കോടതിയുടെ വിധിയായിരിക്കുമെന്ന് ഞങ്ങൾ എല്ലാവരും ഏകകണ്ഠമായി തീരുമാനിച്ചു. അതിനാൽ, ഒരു വ്യക്തിഗത ജഡ്ജിക്കും കർതൃത്വം ആരോപിക്കപ്പെട്ടിട്ടില്ല” സിജെഐ പറഞ്ഞു. വിധിയിൽ സൂചിപ്പിച്ച എല്ലാ കാരണങ്ങളിലും എല്ലാവരും ഒരുമിച്ചു നിന്നു എന്ന വ്യക്തമായ സന്ദേശം നല്‍കുക എന്നതായിരുന്നു അതിന് പിന്നിലെ പ്രധാന ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

തർക്കഭൂമിയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിഭാഗത്തിന്റെ വിശ്വാസം അംഗീകരിച്ചുകൊണ്ടായിരുന്നു 2019ലെ സുപ്രീംകോടതി ബെഞ്ചിന്റെ വിധി. അതേസമയം 16-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ബാബരി മസ്ജിദ് ഹിന്ദു പ്രവർത്തകർ തകർത്തത് തിരുത്തൽ ആവശ്യമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കൂടാതെ, കൊളീജിയം സംവിധാനത്തെ പിന്തുണച്ചുകൊണ്ടും ചീഫ് ജസ്റ്റിസ് സംസാരിച്ചിരുന്നു. ജഡ്ജുമാരെ നിയമിക്കുന്നതിൽ സുതാര്യതയില്ലെന്ന എല്ലാ ആരോപണങ്ങളെയും തള്ളിയ ഡി വൈ ചന്ദ്രചൂഡ് കൊളീജിയം സംവിധാനം നല്ലതാണെന്നും പറഞ്ഞു. അതേസമയം സ്വവർഗ ലൈംഗികത, 370-ാം വകുപ്പ് റദ്ദാക്കൽ ശരിവച്ച ഉത്തരവ് എന്നിവയെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here