പട്ന: എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ബിഹാറില്‍ ശക്തമാണെന്ന് ആർ.ജെ.ഡി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളൊക്കെ നല്ലതിന് വേണ്ടിയാണെന്നും 2024-ഓടെ ജെഡിയു ഇല്ലാതാകുമെന്നും ഈ കളി തങ്ങള്‍ ഫിനിഷ് ചെയ്യുമെന്നും തേജസ്വി പറഞ്ഞു.
‘കളി ഏറെ ബാക്കിയാണ്, ഇനിമുതലാണ് ആരംഭിക്കുന്നത്. നിതീഷ്കുമാർ ക്ഷീണിച്ച മുഖ്യമന്ത്രിയാണ്. ഞാൻ എഴുതിത്തരാം, 2024-ഓടെ ജെഡിയു ഇല്ലാതാകും,തുടങ്ങിയ കളി ഫിനിഷ് ചെയ്യുന്നത് ഞങ്ങളായിരിക്കും. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ശക്തമാണ്. നടക്കുന്നതൊക്കെയും നല്ലതിന് വേണ്ടിയാണ്- തേജസ്വി യാദവ് പറഞ്ഞു.
കഴിഞ്ഞ 17 വർഷം ബി.ജെ.പി സർക്കാരും ജെ.ഡി.യു. സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ബിഹാറിൽ 17 മാസം കൊണ്ട് തങ്ങളുടെ സർക്കാർ ചെയ്തത്. ജോലി നല്കുക എന്നത് സാധ്യമല്ലാത്ത കാര്യമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ജനങ്ങൾക്ക് ജോലി നൽകി അത് സാധ്യമാണെന്ന് തെളിയിച്ചു കൊടുത്തു. മികച്ച ആരോഗ്യം, തൊഴിൽ, ജനങ്ങൾക്ക് നീതി ലഭ്യമാക്കി, മികച്ച വിദ്യാഭ്യാസം, വികസനം, ബിഹാറിൽ നിക്ഷേപത്തിനുള്ള അവസരങ്ങൾ തുടങ്ങിയവയാണ് തങ്ങളുടെ ലക്ഷ്യം ഐ.ടി. പോളിസി കൊണ്ടു വന്നു. ടൂറിസം പോളിസി, ജാതി സെൻസസ്, സ്പോട്സ് പോളിസി കൊണ്ടുവന്നു. സംവരണം വർധിപ്പിച്ചു. ബി.ജെ.പി. അധികാരത്തിൽ വരികയാണെങ്കിൽ ഇതൊന്നും സാധ്യമല്ല- തേജസ്വി പറഞ്ഞു.
‘ഞങ്ങൾക്കൊപ്പം നിതീഷ് കുമാർ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം പറഞ്ഞത്, ഒരുപാട് കാര്യങ്ങൾ ചെയ്തു എന്നാണ്. നിങ്ങൾ എപ്പോഴെങ്കിലും നിതീഷ് കുമാർ അപ്പോയിൻമെന്റ് ലെറ്റർ നൽകുന്നത് കണ്ടിട്ടുണ്ടോ? ആർക്കെങ്കിലും അപ്പോയിൻമെന്റ് ലെറ്റർ നൽകിയിട്ടുണ്ടെങ്കിൽ അത് ഞങ്ങളാണ്. അതിന് ശേഷം മാത്രമാണ് കേന്ദ്രം ഞങ്ങളെ പിന്തുടര്‍ന്നത്’ തൊഴിൽ നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തേജസ്വി പ്രതികരിച്ചു.
#WATCH | On Nitish Kumar joining NDA and breaking ties with RJD, RJD leader Tejashwi Yadav says, "He was a tired CM. Khel abhi shuru huai, khel abhi baki hain. I can give you in writing that the JDU party will be finished in 2024. The public is with us…" pic.twitter.com/yQfQmodkEh
— ANI (@ANI) January 28, 2024