പരാതിക്കാരനെ കള്ളനാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഒടുവിൽ കാലുപിടിച്ച് മാപ്പാക്കി

0
133

തൃശ്ശൂർ: മാളയിൽ മോഷണക്കേസിലെ പ്രതി പോലീസിൽ കീഴടങ്ങിയെന്നരീതിയിൽ സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പ്രചാരണം പൊല്ലാപ്പായി. പരാതിക്കാരനെത്തന്നെ പ്രതിയാക്കിയാണ് പോസ്റ്റിട്ടത്. അവസാനം പരാതിക്കാരന്റെ കാലുപിടിച്ച് മാപ്പുപറഞ്ഞാണ് പ്രചരിപ്പിച്ചയാൾ രക്ഷപ്പെട്ടത്. പള്ളിയുടെ ഓഫീസ് മുറിയിലെ ലോക്കർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പോലീസിൽ കീഴടങ്ങിയതായി പേരും വിലാസവും സഹിതമാണ് പ്രചരിപ്പിച്ചത്.

പോലീസിന്റെ പ്രഥമവിവരറിപ്പോർട്ട് തെറ്റിദ്ധരിച്ചാണ് പരാതിക്കാരനെ പ്രതിയാക്കിയതെന്നാണ് പോസ്റ്റിട്ടയാളുടെ വിശദീകരണം. ആരോടുവേണമെങ്കിലും മാപ്പുപറയാൻ തയ്യാറാണെന്ന് പരാതിക്കാരന് വാക്കുനൽകിയാണ്‌ ഇയാൾ പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയത്. തന്നെ കള്ളനായി ചിത്രീകരിച്ച സാമൂഹികമാധ്യമത്തിലെ രചയിതാവിനെ കണ്ടപ്പോൾ സഹതാപം തോന്നിയ പരാതിക്കാരൻ ക്ഷമിച്ചുവെന്നാണ് സൂചന. കേസുമായി മുൻപോട്ടുപോകാൻ പലരും ആവശ്യപ്പെട്ടെങ്കിലും അയാളുടെ അവസ്ഥ കണ്ടപ്പോൾ സഹതാപമുണ്ടായെന്നും പരാതിക്കാരൻ പറഞ്ഞു.

സംഭവത്തിൽ പരാതിക്കാരന്റെ മനസ്സലിഞ്ഞതോടെ പോലീസും നടപടി താക്കീതിലൊതുക്കി. പേരും മേൽവിലാസവും സഹിതം വന്ന വാർത്ത ചിലർ അദ്‌ഭുതത്തോടെയാണ് കണ്ടത്. സമൂഹത്തിൽ അറിയപ്പെടുന്ന മുൻ സർക്കാർ ഉദ്യോഗസ്ഥനെയാണ് പ്രതിയാക്കി ചിത്രീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here