ഹെല്‍മറ്റ് എടുത്ത് തലയിലോട്ട് വയ്ക്കാന്‍ വരട്ടെ, അതിനുള്ളിലെ ആളെ കണ്ടോ ? ഞെട്ടിപ്പിക്കുന്ന വീഡിയോ

0
211

വൈകീട്ട് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമോ, അല്ലെങ്കില്‍ യാത്രയ്ക്കിടയില്‍ ഏതെങ്കിലും വഴിയോരത്തോ ബൈക്കോ സ്കൂട്ടിയോ നിര്‍ത്തി വണ്ടിക്ക് മുകളില്‍ ഹെല്‍മറ്റ് വച്ച് പോകുന്നത് നമ്മളില്‍ പലര്‍ക്കും ഒരു ശീലമാണ്. ഹെല്‍മറ്റ് കൊണ്ട് നടക്കുന്നതിലുള്ള അസൌകര്യം തന്നെ കാരണം. അങ്ങനെ വഴി അരികില്‍ വച്ച് പോകുന്ന ഹെല്‍മറ്റുകള്‍ തിരിച്ചെത്തിയ ശേഷം ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ നമ്മള്‍ എടുത്ത് തലയിലേക്ക് വയ്ക്കുന്നു. അതിനുള്ളില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള അപകടത്തെ നമ്മള്‍ തിരിച്ചറിയുന്നത് പിന്നീടാകും. ഇത്തരത്തില്‍ ഹെല്‍മറ്റ് എടുത്ത് തലയിലേക്ക് വയ്ക്കുന്നതിന് മുമ്പ് അതൊന്ന് പരിശോധിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

Vivek Gupta എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. ‘ഹെല്‍മറ്റ് ധരിക്കും മുമ്പ് പരിശോധിക്കുന്നത് ഉറപ്പ് വരുത്തുക. എന്തു കൊണ്ട് അത് ചെയ്യണം? ദയവായി വീഡിയോ കാണുക.’ വീഡിയോയില്‍ ഒരു ഹെല്‍മറ്റ് നിലത്ത് മലര്‍ത്തി വച്ചിരിക്കുന്നു. അതിനുള്ളിലേക്ക് ഒരാള്‍ ഒരു കമ്പി കയറ്റി, ഹെല്‍മറ്റിനുള്ളിലെ റക്സീന്‍ അല്പം മാറ്റുമ്പോള്‍ അതിനുള്ളില്‍ നിന്നും പത്തിവിടര്‍ത്തിയ ഒരു കുഞ്ഞ് മൂര്‍ഖന്‍ പാമ്പ് ഇറങ്ങിവന്നു. കുഞ്ഞാണെങ്കിലും ആളെ കൊല്ലാനുള്ള വിഷം ഉള്ളിലുള്ള പാമ്പാണ് മൂര്‍ഖന്‍. ചെറിയൊരു അശ്രദ്ധയില്‍ ഹെല്‍മറ്റ് പരിശോധിക്കാതെ തലയില്‍ വച്ചിരുന്നെങ്കില്‍ വലിയ അപകടം തന്നെ സംഭിച്ചേനെ. വീഡിയോ അപ്പോള്‍ എവിടെ വച്ച് എടുത്തതാണെന്ന് വ്യക്തമല്ല. എന്നാല്‍ വീഡിയോയില്‍ ഉള്ള ആശയം നമ്മള്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്ന കാലത്തോളം പ്രസക്തമാണ് താനും.

ഇത് ആദ്യമായിട്ടല്ല ഹെല്‍മറ്റിനുള്ളില്‍ മൂര്‍ഖനെ കണ്ടെത്തുന്ന വീഡിയോ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. ഇതിനുമുമ്പും ഇത്തരം നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. മഞ്ഞു കാലം കഴിഞ്ഞ് ഇനി ചൂട് കാലമാണ് വരാന്‍ പോകുന്നത്. പാമ്പുകള്‍ അടക്കമുള്ള മൃഗങ്ങള്‍ ഇരപിടിക്കാനും ചൂട് കാരണവും പുറത്തിറങ്ങും. അശ്രദ്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാതെ മുന്‍കരുതലുകള്‍ എടുക്കുന്നത് വലിയ അപകടങ്ങള്‍ ഒഴിവാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here