ഹാര്‍ട്ട് അറ്റാക്ക്; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുതേ…

0
736

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചീത്ത കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മർദ്ദം, അമിത വണ്ണം, പുകവലി, സ്ട്രെസ് തുടങ്ങിയവയൊക്കെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.

ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ ആണ്. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഇറുകിയതുപോലെയോ സമ്മർദ്ദമായോ ഞെരുക്കുന്നതായോ തോന്നാം. ചിലപ്പോള്‍ വേദന ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാം.

രണ്ട്…

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നടക്കുമ്പോഴോ ഉറക്കത്തിലോ ഉള്ള ശ്വാസതടസ്സം ഹൃദയവുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്.

മൂന്ന്…

ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനവും ഛര്‍ദ്ദിയും അനുഭവപ്പെടാം.

നാല്…

നെഞ്ചെരിച്ചിലും അല്ലെങ്കിൽ ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയാകാം.

അഞ്ച്…

അമിത വിയർപ്പാണ് മറ്റൊരു ലക്ഷണം. പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ നിങ്ങൾ പെട്ടെന്ന് വിയർക്കുകയാണെങ്കിൽ, അത് അവഗണിക്കാതിരിക്കേണ്ടത് പ്രധാനമാണ്.

ആറ്…

അമിത ക്ഷീണമോ, തളർച്ചയോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.

ഏഴ്…

ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങൾ ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here