’55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു’; മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടു

0
149

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായി മുൻ കേന്ദ്രമന്ത്രിയുടെ രാജി. മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടുവെന്നാണ് പുതിയ വിവരം. സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മിലിന്ദിൻ്റെ രാജി. തന്റെ 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ദേവ്റ അറിയിച്ചു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ യാത്ര നടത്തുക. രാവിലെ പതിനൊന്നോടെ ഇംഫാലിൽ എത്തുന്ന രാഹുൽ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടിക്ക് സർക്കാർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഥൗബലിൽ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക. മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.

അതേസമയം, ഇന്നലെ ചേർന്ന ഇന്ത്യ സഖ്യം യോഗത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയും ചർച്ചയായി എന്ന് നേതാക്കൾ അറിയിച്ചു. യാത്രയുടെ ഭാഗമാകാൻ സഖ്യത്തിലെ പാർട്ടികളുടെയും ക്ഷണിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അതേസമയം, സഖ്യത്തിനെതിരെ ബിജെപി വിമർശനം കടുപ്പിച്ചു. സഖ്യം വൈകാതെ പൊളിയും എന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ്
ദിലീപ് ഘോഷ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here