മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി മുസ്‌ലിംകൾ മാറരുത്: സാദിഖലി തങ്ങൾ

0
141

പട്ടിക്കാട്: മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി കേരളത്തിലെ മുസ്‌ലിംകൾ മാറരുതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അജണ്ടകൾ സ്വന്തമായി തീരുമാനിക്കാനുള്ള ശേഷി സമുദായത്തിനുണ്ടാവണം. ആരെ സ്വീകരിക്കണം, ആരെ തള്ളണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം. സോഷ്യൽ മീഡിയയിൽനിന്ന് ആശയം ഉൾക്കൊള്ളേണ്ടതില്ല. സ്വീകരിക്കേണ്ടവരെ തള്ളാനും തള്ളേണ്ടവരെ സ്വീകരിക്കാനുമാണ് സോഷ്യൽ മീഡിയ പറയുന്നത്. അത് നമ്മളെ കെണിയിൽ വീഴ്ത്താനുള്ള വഴിയാണെന്നും തങ്ങൾ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ വാർഷികത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ.

കേരളത്തിലെ മതസ്ഥാപനങ്ങളുടെ മാതൃസ്ഥാനമാണ് ജാമിഅക്കുള്ളത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ കോഴിക്കോട്ടെ പാണ്ടികശാലയുടെ മുകളിൽനിന്നാണ് ജാമിഅ സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിച്ചത്. സാദാത്തുക്കളും പണ്ഡിതൻമാരും ദീനിനെ സ്‌നേഹിക്കുന്ന സമ്പന്നൻമാരും ഒരുമിച്ച് നിന്നാണ് ജാമിഅയെ ഉന്നതിയിലേക്ക് നയിച്ചത്. ഈ ഐക്യമാണ് സമുദായത്തിന്റെ വളർച്ചയുടെ അടിസ്ഥാനമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

അധ്യക്ഷപ്രസംഗം നടത്തിയ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തിക്കോയ തങ്ങൾ ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് സംസാരിച്ചത്. ജിഫ്രി തങ്ങളുടെ വാക്കുകൾക്ക് അടിവരയിടുന്നുവെന്ന് പറഞ്ഞാണ് സാദിഖലി തങ്ങൾ തന്റെ പ്രസംഗം ആരംഭിച്ചത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് പൂർവികരുടെ പാരമ്പര്യം മുറുകെപ്പിടിച്ച് മുന്നോട്ട് പോകണമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. മുൻഗാമികൾ ചെയ്ത നന്മകൾ കാത്തുസൂക്ഷിക്കണം. പരസ്പരം കലഹമുണ്ടാക്കാതെ ഒരുമിച്ച് നിൽക്കണം. സമസ്ത രൂപീകരിച്ച കാലം മുതൽ സ്വീകരിച്ചുപോരുന്ന സമീപനത്തിന് ആരുടെ ഭാഗത്തുനിന്നും തടസ്സമുണ്ടാകരുത്. കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ പിന്നെ അത് ഉണ്ടായാൽ നിയന്ത്രിക്കാനാവില്ല. വാട്‌സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ പലതും എഴുതിവിടുന്നവർ ഭിന്നതക്ക് ശ്രമിക്കരുത്. സമസ്തക്ക് പല സംഘടനകളുമായും പ്രത്യേക സ്‌നേഹവും അടുപ്പവുമുണ്ടാവും. അത് തകർക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here