2ജി, 3ജി സേവനങ്ങൾ പൂർണമായും നിർത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ജിയോ

0
128

ന്യൂഡൽഹി: 2ജി, 3ജി സേവനങ്ങൾ പൂർണമായും നിർത്തണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സേവനങ്ങൾ നിർത്തി എല്ലാ ഉപഭോക്താക്കളേയും 4ജി, 5ജി നെറ്റ്‍വർക്കുകളിലേക്ക് മാറ്റണമെന്നാണ് ജിയോയുടെ നിർദേശം. 5ജി നെറ്റ്‍വർക്കിനെ സംബന്ധിച്ച് ട്രായ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് നിർദേശമുള്ളത്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്നും അഭിപ്രായങ്ങൾ കൂടി തേടിയാണ് ട്രായ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

5ജി സേവനങ്ങളെ കുറിച്ച് തങ്ങൾക്ക് ഒരു സംശയവുമില്ല. ഡിജിറ്റലിലേക്കുള്ള മാറ്റത്തിൽ 5ജി നിർണായക പങ്കുവഹിക്കും. വിവിധ വ്യവസായങ്ങൾക്ക് 5ജി വിശ്വാസ്യതയുള്ളതും വേഗതയുള്ളതുമായ കണക്ടിവിറ്റി നൽകും. ഇത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുമെന്നും ജിയോ വ്യക്തമാക്കി.

വരുമാനം കുറവുള്ളവരിലേക്ക് 5ജി എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് വോഡഫോൺ-ഐഡിയയും പ്രതികരിച്ചു. 5ജി ഫോണുകളുടെ വിലകൂടുതൽ തന്നെയാണ് ഇതിന് തടസം നിൽക്കുന്നത്. രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും 2ജി സാ​ങ്കേതികവിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. കണക്ടിവിറ്റിയു​ണ്ടെങ്കിലും 4ജിയും 5ജിയും അവർക്ക് ഉപയോഗിക്കാനാവുന്നില്ല.

സ്മാർട്ട്ഫോണിലേക്ക് മാറാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതാണ് ഇവരെ ആധുനിക നെറ്റ്‍വർക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നും വോഡഫോൺ-ഐഡിയ വ്യക്തമാക്കി. ഫീച്ചർ ഫോണിൽ നിന്നും ആളുകൾക്ക് 5ജി ഫോണിലേക്ക് മാറാൻ സർക്കാർ സബ്സിഡി കൊടുക്കണമെന്നും വോഡഫോൺ-ഐഡിയ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here