ഡെറാഡൂൺ: മദ്റസകളിൽ അടുത്ത അക്കാദമിക് വർഷം മുതൽ രാമായണം സിലബസിന്റെ ഭാഗമാക്കാൻ തീരുമാനവുമായി ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സർക്കാർ. ഉത്തരാഖണ്ഡ് വഖഫ് ബോർഡിന് കീഴിലുള്ള മദ്രസകളിലാണ് രാമായണം പഠിപ്പിക്കാൻ തീരുമാനം. ബോർഡിന് കീഴിലുള്ള 117 മദ്രസകളിലാണ് രാമായണം പഠിപ്പിക്കുകയെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് അറിയിച്ചു. കുട്ടികൾക്ക് സംസ്കൃതം പഠിപ്പിക്കുന്നതിന് ഒപ്പമാണ് മദ്രസകളിൽ രാമായണ പാഠഭാഗവും ഉൾപ്പെടുത്തുക. ഡെറാഡൂൺ, ഹരിദ്വാർ, നൈനിതാൾ, ഉദംസിംഗ് നഗർ ജില്ലകളിലെ നാല് മദ്റസകളിലാണ് ആദ്യഘട്ടത്തിൽ രാമായണം സിലബസിൽ ഉൾപ്പെടുത്തുക. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആദ്യ ഘട്ടത്തിൽ നാല് മദ്റസകളിലാണ് രാമായണം പഠിപ്പിക്കുക. അധ്യാപകരെ നിയമിച്ച ശേഷം ബാക്കിയുള്ള 113 മദ്റസകളിലും രാമായണം പാഠഭാഗമാക്കും. തെരഞ്ഞെടുത്ത നാല് മദ്റസകളിലും ഡ്രസ് കോഡ് കൊണ്ടുവരും. നാല് മദ്റസകളിലേക്കും പ്രിൻസിപ്പൽമാരെ ഉടൻ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡിന് കീഴിലുള്ള 117 മദ്രസകളിലെ കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുമെന്ന് ഷദാബ് ഷംസ് പറഞ്ഞു. ഇതോടൊപ്പം കുട്ടികൾക്ക് അവരുടെ സംസ്‌കാരവുമായി ബന്ധപ്പെടാൻ രാമായണപാഠവും പഠിപ്പിക്കും. സംസ്‌കൃതത്തോടൊപ്പം വേദങ്ങൾ, പുരാണങ്ങൾ, രാമായണം എന്നിവയെക്കുറിച്ചും കുട്ടികൾക്ക് അറിയാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഞങ്ങൾ ഖുറാനൊപ്പം രാമായണവും പഠിപ്പിക്കും. ജ്യേഷ്ഠന് വേണ്ടി എല്ലാം ഉപേക്ഷിച്ച ലക്ഷ്മണനെ കുറിച്ച് വിദ്യാർഥികളോട് പറയുമ്പോൾ സിംഹാസനം ലഭിക്കാൻ വേണ്ടി സഹോദരന്മാരെ കൊന്ന ഔറംഗസേബിനെക്കുറിച്ച് അവരോട് എന്തെങ്കിലും പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർത്ഥികളെ രാമായണം നന്നായി പഠിപ്പിക്കാൻ അധ്യാപകരെ റിക്രൂട്ട് ചെയ്യാൻ പ്രിൻസിപ്പൽമാർക്ക് അധികാരം നൽകും. വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. തിരഞ്ഞെടുത്ത നാല് മദ്റസകൾ സ്മാർട്ട് ക്ലാസുകളോടെ മാതൃകാ മദ്റസകളോ ആയി വികസിപ്പിക്കും. സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ബുക്കുകൾ അവതരിപ്പിക്കുമെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.
ഉത്തരാഖണ്ഡിലെ മദ്രസകളിൽ കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുന്നതിനെ സംസ്ഥാനത്തെ മുസ്‌ലിം നേതാക്കളും സംഘടനകളും ശക്തമായി എതിർത്തിരുന്നു. എന്നാൽ ഇതിന് ശേഷവും മദ്രസകളിൽ രാമായണം പഠിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഷദാബ് ഷംസിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ രാഷ്ട്രീയ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. മദ്രസകളിൽ തീർച്ചയായും രാമായണം പഠിപ്പിക്കുമെന്ന് ബോർഡ് വ്യക്തമാക്കിയിരിക്കെയാണ് ഈ തീരുമാനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രതികരണങ്ങളും പുറത്തുവരുന്നത്. എന്നാൽ എന്തുവന്നാലും തീരുമാനം നടപ്പാക്കുമെന്ന നിലപാടിലാണ് വഖഫ് ബോർഡ്.