ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ വീണ്ടും ആക്രമണം; കല്ലേറിൽ രാഹുലിന്റെ കാറിന്റെ ചില്ല് തകർത്തു

0
196

ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്നും കല്ലേറിൽ ഗ്ലാസ് തകർന്നുവെന്നും കോൺഗ്രസ്. പശ്ചിബംഗാൾ-ബിഹാർ അതിർത്തിയിൽവെച്ചാണ് സംഭവമുണ്ടായത്. രാഹുൽ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ നിന്നും പശ്ചിമബംഗാളിലേക്ക് കടക്കുന്നതിനിടെ മാൾഡയിൽ വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ഇത് കല്ലേറ് മൂലമാണെന്നാണ് കോൺഗ്രസ് ആരോപണം.

രാഹുലിന്റെ കാറിന്റെ പിന്നിലുള്ള ഗ്ലാസാണ് തകർന്നത്. സംഭവം നടക്കുമ്പോൾ രാഹുൽ ബസിലാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ബിഹാറിലെ കയ്ത്താറിൽ നിന്നാണ് ഇന്ന് ഭാരത്ജോഡോ യാത്ര പശ്ചിമബംഗാളിൽ പ്രവേശിപ്പിച്ചത്.

ഗ്ലാസ് പൊട്ടിയ വാഹനത്തിൽ രാഹുൽ ഗാന്ധി സഞ്ചരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. നേരത്തെ ഭാരത് ജോഡോ ന്യായ് യാത്രക്ക് അസമിൽവെച്ച് ബി.ജെ.പി പ്രവർത്തകരുടെ ആക്രമണമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here