ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പൊതു അവധി. ചടങ്ങ് നടക്കാനിരിക്കുന്ന നാളെയാണ് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശനം നിലനിൽക്കുന്നതിനിടെയാണ് അവധി പ്രഖ്യാപനം. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ആദ്യമായാണ് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ അവധി പ്രഖ്യാപിക്കുന്നത്.
നാളെയാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം. ചടങ്ങിൻ്റെ ഭാഗമായി 11 സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് 22ന് പൂര്‍ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാമക്ഷേത്രത്തിന് ഭീകരവാദ ഭീഷണി അടക്കമുള്ള പശ്ചാത്തലത്തിലാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഉറപ്പാക്കിയിരിക്കുന്ന്. ഉത്തർ പ്രദേശ് അതിർത്തിയിൽ നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കി. പ്രതിഷ്ഠാ ചടങ്ങും റിപ്പബ്ലിക് ദിനാഘോഷവും കണക്കിലെടുത്ത് ഡല്‍ഹിയിലും അതീവ ജാഗ്രത നിർദ്ദേശം നൽകി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പ്രത്യേക പൂജകൾ രാമക്ഷേത്രത്തിൽ തുടരുകയാണ്.