ഭക്ഷണപാനീയങ്ങളിലെ കലര്‍പ്പും മായവും വിഷാംശവുമെല്ലാം എപ്പോഴും നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. പുറത്തുനിന്ന് എന്ത് കഴിക്കുമ്പോഴും ഈ ആശങ്ക നമ്മെ അലട്ടാറുമുണ്ട്. എന്നാല്‍ കുപ്പിവെള്ളം കുടിക്കുമ്പോള്‍ അങ്ങനെ വലിയൊരു പേടിയോ പ്രശ്നമോ നമുക്ക് തോന്നാറില്ല. പക്ഷേ ഇനി കുപ്പി വെള്ളത്തെയും പേടിക്കണം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.
എന്തെന്നാല്‍ കുടിക്കാനുള്ള കുപ്പിവെള്ളത്തില്‍ ലക്ഷക്കണക്കിന് അതിസൂക്ഷ്മമായ പ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. അമേരിക്കയിലെ ‘നാഷണല്‍ അക്കാദമി ഓഫ് സയൻസസി’ല്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
ഒരു ലിറ്ററിന്‍റെ കുപ്പിവെള്ളത്തില്‍ രണ്ടര ലക്ഷത്തിന് അടുത്ത് (2,40,000) അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയതായാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ഒട്ടും നിസാരമായൊരു കണക്കല്ല. കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക് കണങ്ങള്‍ ഉള്‍പ്പെടുന്നുണ്ട് എന്നത് നേരത്തെ പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുള്ളത് തന്നെയാണ്. എന്നാലിത്രയും വലിയ അളവിലാണെന്നുള്ളത് ആശങ്കപ്പെടുത്തുന്ന വിവരമാണ്.
നേരത്തെ പറയപ്പെട്ടിരുന്ന അളവിന്‍റെ 100 മടങ്ങെങ്കിലും കൂടുതലാണ് ഇപ്പറയുന്ന അളവ്. കണ്ണില്‍ കാണാൻ സാധിക്കാത്ത, അത്ര പെട്ടെന്നൊന്നും നിരീക്ഷണങ്ങള്‍ക്ക് പിടികൊടുക്കാത്ത, ഒരു മുടിനാരിഴ ഏഴായി കീറിയാല്‍ അതിലൊന്നിന്‍റെ വീതിയേ ഈ പ്ലാസ്റ്റിക് കണങ്ങള്‍ക്ക് ഉണ്ടാകൂവത്രേ. ഇത്രയും ചെറുതായതിനാല്‍ തന്നെ ഇവ മനുഷ്യശരീരത്തിന് കൂടുതല്‍ വെല്ലുവിളിയുമാണത്രേ.
അതായത് തീരെ ചെറുതായതിനാല്‍ തന്നെ ഇവയ്ക്ക് ശരീരത്തിനകത്തേക്ക് പ്രവേശനം കിട്ടാൻ പ്രയാസമില്ല. രക്തത്തില്‍ കലര്‍ന്നുകഴിഞ്ഞാല്‍ പിന്നെ ശരീരമാകെയും സഞ്ചരിച്ച് ഓരോ അവയവത്തെയും ഇത് ബാധിക്കാം. ഗര്‍ഭിണികളാണെങ്കില്‍ ഇവ ഗര്‍ഭസ്ഥ ശിശുവിലേക്ക് വരെ എത്തുന്നു.
മുമ്പ് കുപ്പിവെള്ളത്തില്‍ കലര്‍ന്നിട്ടുള്ള അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളെ (നാനോ-പ്ലാസ്റ്റിക്സ്) വേര്‍തിരിച്ചോ വിശദമായോ കണ്ടെത്താനുള്ള സാങ്കേതികവിദ്യ ലഭ്യമായിരുന്നില്ല. ഇപ്പോള്‍ പുതിയൊരു മൈക്രോസ്കോപ്പി ടെക്നിക്ക് ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. അമേരിക്കയില്‍ തന്നെ ഏറെ പ്രചാരത്തിലുള്ള മൂന്ന് ബ്രാൻഡുകളുടെ കുപ്പിവെള്ളമാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്കും ഇത് ഉഗ്രനൊരു താക്കീതോ ഓര്‍മ്മപ്പെടുത്തലോ ആണ് നടത്തുന്നത്.
പ്ലാസ്റ്റിക്കില്‍ നിന്ന് മൈക്രോ-പ്ലാസ്റ്റിക്സ്- ഇപ്പോള്‍ നാനോ-പ്ലാസ്റ്റിക്സ് എന്ന നിലയിലേക്ക് മാലിന്യം കണിക പരുവത്തിലായി വന്നിരിക്കുന്നതും ഇത് മനുഷ്യര്‍ക്കുണ്ടാക്കുന്ന അപകടം നമുക്ക് കാണാൻ സാധിക്കാത്തതായതിനാലും സാഹചര്യങ്ങള്‍ കുറെക്കൂടി മോശമാണെന്നാണ് ഗവേഷകര്‍ തന്നെ വിലയിരുത്തുന്നത്. പ്ലാസ്റ്റിക് മനുഷ്യജീവന് ഭീഷണിയാകുന്നതിനെ കുറിച്ചും, ഇതിനെ മറികടക്കാൻ ഉണ്ടാകേണ്ട ഇടപെടലുകളെ കുറിച്ചുമെല്ലാമുള്ള ചര്‍ച്ചകള്‍ പുതിയ പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും ശക്തമായി ഉയരുകയാണ്.