അയോധ്യയില്‍ മോദിയുടെ റോഡ്‌ഷോയ്ക്കു പിന്നാലെ ചെടിച്ചെട്ടികൾ മോഷ്ടിച്ച് നാട്ടുകാർ-വൈറല്‍ വിഡിയോ

0
229

ലഖ്‌നൗ: അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ്‌ഷോയ്ക്കു പിന്നാലെ പാതയോരത്തെ ചെടിച്ചെട്ടികൾ മോഷ്ടിച്ചു നാട്ടുകാർ. ഡിസംബർ 30നു നടന്ന മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി സ്ഥാപിച്ചിരുന്ന അലങ്കാരച്ചെടികളാണു കൂട്ടത്തോടെ നാട്ടുകാർ എടുത്തുകൊണ്ടുപോയത്. ലഖ്‌നൗ-അയോധ്യ ദേശീയപാതയിലാണു സംഭവം. നാട്ടുകാര്‍ ചെടിച്ചെട്ടികളുമായി മുങ്ങുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങുകൾക്കു മുന്നോടിയായായിരുന്നു മോദിയുടെ അയോധ്യ സന്ദർശനം. അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ 11,000 കോടി രൂപയുടെ നഗരവികസന പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. പുതിയ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മോദി ഏഴു കി.മീറ്റർ ദൂരം നഗരപാതയിലൂടെ റോഡ്‌ഷോയും നടത്തി. റോഡ്‌ഷോ പ്രമാണിച്ചായിരുന്നു പാതയോരങ്ങളിലെല്ലാം ചെടിച്ചെട്ടികൾകൊണ്ട് അലങ്കരിച്ചത്.

എന്നാൽ, മോദി ഡൽഹിയിലേക്കു മടങ്ങുകയും സുരക്ഷാസന്നാഹം പിൻവലിക്കുകയും ചെയ്തതിനു പിന്നാലെ നാട്ടുകാർ കൂട്ടത്തോടെ റോട്ടിലിറങ്ങി. കൈയിൽ കൊള്ളുന്ന ചെടിച്ചെട്ടികളുമെടുത്ത് സ്ഥലംകാലിയാക്കി. മിനിറ്റുകൾക്കകം പാതയോരവും ശൂന്യം!

രാമക്ഷേത്ര മാതൃകയിൽ 1,450 കോടി രൂപ ചെലവിട്ടാണ് അയോധ്യാ വിമാനത്താവളം നിർമിച്ചത്. 10 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിനു സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. 240 കോടി രൂപ ചെലവിൽ നവീകരിച്ച അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, പുതിയ ട്രെയിൻ സർവീസുകൾ, മേൽപ്പാലങ്ങൾ, റോഡുകൾ, മാലിന്യ സംസ്‌കരണ പ്ലാന്റ്, മെഡിക്കൽ കോളജ്, നഗര സൗന്ദര്യവൽക്കരണ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചിരുന്നു. അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗോഫും ചടങ്ങിൽ നടന്നു.

ജനുവരി 22നാണ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠാചടങ്ങുകൾ നടക്കുന്നത്. മോദി തന്നെയാണു ചടങ്ങുകളുടെ ഉദ്ഘാടനവും നിർവഹിക്കുക എന്നാണു പുറത്തുവരുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here